റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) നിന്ന് കേന്ദ്ര സർക്കാരിന് റെക്കോർഡ് ലാഭവിഹിതം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട
നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് യോഗം ചേരും. 2.9 ലക്ഷം കോടി രൂപ മുതൽ 3.2 ലക്ഷം കോടി രൂപ വരെയുള്ള തുക കേന്ദ്രത്തിലേക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് നൽകുന്ന ലാഭവിഹിതത്തിന് വലിയ പങ്കുണ്ട്. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2023–2024 കാലയളവിൽ 2.11 ലക്ഷം കോടി രൂപയും, 2022–2023 വർഷത്തിൽ 87,416 കോടി രൂപയും, 2018–2019 വർഷത്തിൽ 1.76 ലക്ഷം കോടി രൂപയുമാണ് ആർബിഐ കേന്ദ്രത്തിന് കൈമാറിയത്.
2024–25 സാമ്പത്തിക വർഷത്തിൽ 2.7 ലക്ഷം കോടി രൂപയായിരുന്നു വിഹിതമായി ലഭിച്ചത്. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് ഇത്തവണ മൊത്തം 3.16 ലക്ഷം കോടി രൂപയുടെ വിഹിതമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
വിദേശ കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ എന്നിവയിൽ നിന്നുള്ള പലിശ വരുമാനം, ഡോളർ വിൽപനയിലെ നേട്ടം എന്നിവയാണ് ആർബിഐയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ. പ്രവർത്തന ചെലവുകൾക്കും കരുതൽ ധനത്തിനും ശേഷം മിച്ചമുള്ള തുകയാണ് സർക്കാർ ഖജനാവിലേക്ക് കൈമാറുന്നത്.
ജിഡിപിയുടെ 0.1 മുതൽ 0.4 ശതമാനം വരെയായിരുന്ന ഈ വിഹിതം സമീപകാലത്ത് 0.55 ശതമാനം വരെയായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഈ ലാഭവിഹിതം കേന്ദ്രത്തിന് നിർണ്ണായക പിന്തുണ നൽകും.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നതും, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 96 എന്ന നിലയിലേക്ക് താഴ്ന്നതും രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. വ്യാപാര കമ്മി നേരിടുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
2024-25 സാമ്പത്തിക വർഷാവസാന കണക്കുകൾ പ്രകാരം 76.25 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്കിന്റെ നീക്കിയിരുപ്പ്. ആഗോള വിപണിയിലെ ഉയർന്ന പലിശ നിരക്കുകളും സ്വർണത്തിന്റെ വർധിച്ച മൂല്യവും ആർബിഐയുടെ നിക്ഷേപ വരുമാനം വർധിപ്പിച്ചിട്ടുണ്ട്.
രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്താൻ നടത്തിയ ഡോളർ വിൽപനയും കേന്ദ്രബാങ്കിന് അനുകൂലമായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

