കേരള നിയമസഭയുടെ ഇരുപത്തിയഞ്ചാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലേക്ക് അവരോധിക്കപ്പെട്ടത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായ എസി മൊയ്തിന് 35 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
എഴുപത്തിയാറാം വയസിൽ നിയമസഭയുടെ അധ്യക്ഷപദവിയിലെത്തുമ്പോൾ അൻപതിലേറെ വർഷത്തെ രാഷ്ട്രീയ പാരമ്പര്യവും മൂന്നര പതിറ്റാണ്ട് നീണ്ട പാർലമെന്ററി അനുഭവസമ്പത്തുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈമുതൽ.
മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള ഭരണപരമായ മികവും, രാഷ്ട്രീയ നിലപാടുകളിലെ കർക്കശമായ ശൈലിയും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലെ പ്രത്യേകതകളാണ്. ഏറ്റെടുക്കുന്ന ദൗത്യങ്ങളിൽ കൃത്യത പുലർത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലാണ്.
ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണ വേളയിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ അദ്ദേഹം കാണിച്ച ഇച്ഛാശക്തി ഏറെ ചർച്ചയായിരുന്നു. കൂടാതെ, 35-ാമത് ദേശീയ ഗെയിംസ് കേരളത്തിൽ നടന്നപ്പോൾ കായിക മന്ത്രി എന്ന നിലയിൽ അദ്ദേഹം കാഴ്ചവെച്ച സംഘാടകമികവ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1963-ൽ കോട്ടയം എംടി സ്കൂളിൽ സ്കൂൾ ലീഡറായി പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ച അദ്ദേഹം, ബസേലിയസ് കോളേജ് യൂണിയൻ ചെയർമാൻ, കേരള സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്നീ പദവികളിൽ നടത്തിയ സമരപോരാട്ടങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയിൽ നിർണ്ണായകമായി.
1987-ലെ കോട്ടയം ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയ അദ്ദേഹം, 1991 മുതൽ 2006 വരെ അടൂരിലും പിന്നീട് 2011 മുതൽ കോട്ടയത്തുനിന്നും തുടർച്ചയായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടുവരുന്നു. പതിനാറാം നിയമസഭയുടെ വരുംദിനങ്ങളിലെ ഭരണ-പ്രതിപക്ഷ വാക്പോരുകളിലും സഭാ നടപടികളിലും സ്പീക്കർ എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലുകൾ ഏറെ നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നിയമസഭാ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ സഭാ നടത്തിപ്പിനെ വലിയ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

