അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കോടികൾ മുതൽമുടക്കി നവീകരണം പുരോഗമിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ സർവീസ് പൂർണ്ണമായി നിർത്തലാക്കി. പ്രതിവർഷം 49.70 കോടി രൂപ വരുമാനമുള്ള ഈ സ്റ്റേഷനിൽ പാഴ്സൽ വിഭാഗത്തിൽ നിന്നും മികച്ച ആദായമാണ് ലഭിച്ചുകൊണ്ടിരുന്നത്.
പാലക്കാട് ഡിവിഷന് കീഴിലുള്ള കാസർകോട്, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാഴ്സൽ സേവനങ്ങളാണ് ഇത്തരത്തിൽ അവസാനിപ്പിച്ചത്. പാഴ്സൽ സംവിധാനം ലാഭകരമല്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും, അഞ്ച് മിനിറ്റിലധികം സമയം പിടിച്ചിടുന്ന സ്റ്റേഷനുകളിൽ മാത്രമേ പാഴ്സൽ കൈമാറ്റം പാടുള്ളൂ എന്ന റെയിൽവേ ബോർഡിന്റെ പുതിയ ഉത്തരവാണ് ഈ തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.
പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന ഈ രണ്ട് പ്രധാന സ്റ്റേഷനുകളിലും മാസംതോറും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. കോഴിക്കോട്, തൃശൂർ തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നും ദിവസേന ഒട്ടനവധി ചെറുകിട
വ്യാപാരികളാണ് ട്രെയിൻ മാർഗ്ഗം സാധനങ്ങൾ കാസർകോട്ടേക്ക് എത്തിച്ചിരുന്നത്. സർവീസ് പെട്ടെന്ന് നിർത്തലാക്കിയതോടെ പ്രദേശത്തെ ചെറുകിട
വ്യാപാരികളും സാധാരണക്കാരായ യാത്രക്കാരും കടുത്ത ദുരിതത്തിലാണ്. ഇനി മുതൽ ട്രെയിൻ വഴി പാഴ്സലുകൾ അയക്കാനും കൈപ്പറ്റാനുമായി കിലോമീറ്ററുകൾ താണ്ടി കണ്ണൂർ അല്ലെങ്കിൽ മംഗളൂരു റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട
സ്ഥിതിയാണ് ഉള്ളത്. അടിയന്തരമായി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും സർവീസ് പഴയതുപോലെ പുനഃസ്ഥാപിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നും യാത്രക്കാരും വ്യാപാരികളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ജില്ലയിലെ ഏക റെയിൽവേ പാഴ്സൽ സർവീസ് എടുത്തുകളഞ്ഞ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി സതേൺ റെയിൽവേ ജനറൽ മാനേജർക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചിട്ടുണ്ട്. യാത്രക്കാരോടുള്ള കടുത്ത അനീതിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ സേവനം അവസാനിപ്പിച്ചത് ജനദ്രോഹപരവും പ്രതിഷേധാർഹവുമാണെന്ന് കല്ലട്ര മാഹിൻ എംഎൽഎ പ്രതികരിച്ചു. ദക്ഷിണ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള ഈ വിവേചനം യാതൊരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിആർഎം എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ സർവീസ് നിർത്തലാക്കാനുള്ള നീക്കം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി അറിയിച്ചു. വിഷയത്തിൽ നേരിട്ട് ഇടപെട്ട് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

