ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ, ബദൽ സംവിധാനമായി ഒരുക്കിയ സർവീസ് റോഡുകൾ യാത്രക്കാർക്ക് വലിയ ദുരിതമായി മാറുന്നു. തെക്കേക്കരയിലെയും വടക്കേക്കരയിലെയും വഴിതിരിച്ചുവിട്ട
പാതകൾ കല്ലും ചെളിയും നിറഞ്ഞ് അപകടാവസ്ഥയിലാണ്. തെക്കേക്കരയിലെ റോഡുകൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് തുറന്നുകൊടുത്തെങ്കിലും, പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരോ കരാർ കമ്പനിയോ ഇതിന്റെ അറ്റകുറ്റപ്പണികളിൽ ശ്രദ്ധ ചെലുത്തിയില്ല.
എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെ തുറന്നുകൊടുത്ത സർവീസ് റോഡ് പൂർണമായും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഈ റോഡ് ഗതാഗതസൗകര്യപ്രദമാക്കുമെന്ന് മുൻ നഗരസഭാധികൃതരും നിലവിലെ ഭരണസമിതിയും ഉറപ്പുനൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
നിലവിൽ ടൈലുകളും വലിയ കല്ലുകളും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുമുള്ള ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
വ്യാപാരികളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും ശക്തമായ പ്രക്ഷോഭത്തിന് ശേഷമാണ് ഇവിടെ മൂന്നു മീറ്റർ വീതിയിൽ സർവീസ് റോഡ് അനുവദിച്ചത്. എന്നാൽ, മഴ കൂടി പെയ്തതോടെ ഈ പാത ചെളിക്കുണ്ടായി മാറി.
കൂടാതെ, സർവീസ് റോഡിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പ് ലൈൻ ഭാരവാഹനങ്ങൾ കയറുമ്പോൾ പൊട്ടുന്നത് പതിവായതോടെ യാത്രക്കാർ കൂടുതൽ പ്രതിസന്ധിയിലായി. പാലം നിർമ്മാണം പൂർത്തിയാകും വരെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
അതേസമയം, പാലം പുനർനിർമ്മാണം അങ്ങേയറ്റം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. മാർച്ച് മുതൽ വേഗത കുറഞ്ഞ നിർമ്മാണം ഏപ്രിൽ ആദ്യം മുതൽ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
കരാർ കമ്പനിയിലെ അതിഥിത്തൊഴിലാളികൾ പലരും വോട്ട് ചെയ്യുന്നതിനായി പശ്ചിമ ബംഗാളിലേക്ക് പോയ ശേഷം തിരികെ എത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലവും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും, കിഫ്ബി ഉദ്യോഗസ്ഥരുടെ നിസ്സംഗതയും പദ്ധതിയുടെ തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

