പൂച്ചാക്കൽ: ഏറെ പ്രതീക്ഷയോടെ നാടിന് സമർപ്പിച്ച പെരുമ്പളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ ശക്തമായ ജനരോഷം ഉയരുന്നു. മാർച്ച് 7-ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ച പാലത്തിന്റെ പണികൾ രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നത് വലിയ വീഴ്ചയാണെന്നാണ് ഉയരുന്ന വിമർശനം.
ഉദ്ഘാടനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും ടാറിങ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുമെന്നുമായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ, നിലവിൽ ആദ്യഘട്ട
ടാറിങ് പോലും പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട
ടാറിങ് ആരംഭിക്കാത്തത് നിർമ്മാണ മേഖലയെ പൂർണ്ണമായും സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രായോഗികമായ തുടർനടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
നിലവിൽ പാലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്നും പരാതിയുണ്ട്. അനധികൃത പാർക്കിംഗും കച്ചവടവും തകൃതിയായി നടക്കുന്നതിനൊപ്പം, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്ക് വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്.
കെഎസ്ആർടിസി ബസ് സർവീസിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തെങ്കിലും, ടാറിങ് പൂർത്തിയാകാത്തതിനെത്തുടർന്ന് സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം വൈകാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുമ്പോൾ, പാലത്തിൽ ഉപേക്ഷിച്ചിരിക്കുന്ന യന്ത്രസാമഗ്രികളും മെറ്റലുകളും രാത്രികാലങ്ങളിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

