ദേശീയപാതയിൽ ആമ്പല്ലൂരിൽ നിർമിക്കുന്ന അടിപ്പാതയുടെ അശാസ്ത്രീയമായ രൂപകല്പന നെന്മണിക്കര ഗ്രാമത്തെ വൻ വെള്ളപ്പൊക്ക ഭീഷണിയിലാക്കുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെ വെള്ളം ഒഴുക്കി വിടാൻ ആവശ്യമായ ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. ദേശീയപാതയിലെ അടിപ്പാതയുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറേക്ക് ഒഴുകുന്ന വെള്ളം പൂർണ്ണമായും എത്തുന്നത് നെന്മണിക്കര പ്രദേശത്തേക്കാണ്.
നിലവിൽ ഇത് ഒഴുക്കി കളയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മഴക്കാലം ആരംഭിക്കുന്നതോടെ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്. നെന്മണിക്കരയിലേക്കുള്ള പ്രധാനപ്പെട്ട
മൂന്ന് റോഡുകളിലേക്കും പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. ഇതുമൂലം അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയോ അപകടാവസ്ഥയിലാകുകയോ ചെയ്യുമെന്ന് ആശങ്കയുണ്ട്.
മഴക്കാലത്തിന് മുൻപായി യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നെന്മണിക്കര പഞ്ചായത്ത് ഭരണസമിതി കർശനമായി ആവശ്യപ്പെട്ടു. ദേശീയപാത മുറിച്ചുകടന്നുള്ള വെള്ളം പുഴയിലേക്ക് സുരക്ഷിതമായി ഒഴുക്കിവിടാൻ കൃത്യമായ ഡ്രെയ്നേജ് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

