വയനാട്ടിലെ തോട്ടങ്ങളിൽ പാഴായിപ്പോകുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ദിവസേന ലോഡുകണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അവിടത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്ക പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. പച്ചച്ചക്ക, പഴുത്ത ചക്ക, ചക്കച്ചുളകൾ എന്നിവയ്ക്ക് കർണാടകയിൽ മികച്ച വിപണിയാണുള്ളത്.
വിനോദസഞ്ചാര പാതയോരങ്ങളിലെ വിൽപ്പന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപ നിരക്കിലും, ഒരു ചുളയ്ക്ക് 6 രൂപ നിരക്കിലുമാണ് വിൽപന നടക്കുന്നത്.
വിപണിയിലെ ഈ ഉയര്ന്ന നിരക്ക് കർഷകർക്ക് ഗുണകരമാകുന്നില്ലെന്നതാണ് വാസ്തവം. ഒരു വലിയ ചക്ക വിൽക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകന് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
നിലവിൽ വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലായാണ് ഇവ പുറത്തേക്ക് കൊണ്ടുപോകുന്നത്.
ഓരോ വർഷവും വൻതോതിൽ ചക്ക ജില്ലയിൽ നിന്ന് കയറ്റി അയക്കുന്നുണ്ടെങ്കിലും, ശരിയായ വിപണന സംവിധാനങ്ങളുടെ അഭാവം മൂലം തോട്ടങ്ങളിൽ വിളയുന്ന ചക്കയുടെ നല്ലൊരു ശതമാനവും പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ചക്കയും മറ്റ് പഴവർഗങ്ങളും സംസ്കരിച്ച് വിപണനം നടത്താനുള്ള സൗകര്യങ്ങൾ ജില്ലയിൽ അപര്യാപ്തമാണ്.
പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയുടെ വിപണന സാധ്യതകളോ സംസ്കരണ സംവിധാനങ്ങളോ സജ്ജമാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി കർഷകർ ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

