നഗരത്തിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് വൻ വിജയമെന്ന് റിപ്പോർട്ട്. ശരാശരി 50,000 രൂപയ്ക്ക് മുകളിലാണ് ദിവസേനയുള്ള വരുമാനം.
കഴിഞ്ഞ 17-ാം തീയതി ഏകദേശം 75,000 രൂപയാണ് കലക്ഷൻ ലഭിച്ചത്. കണ്ണൂർ ദസറ ആഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്.
പത്ത് ദിവസത്തേക്ക് മാത്രം താൽക്കാലികമായി എത്തിച്ച ഈ ബസ് സ്ഥിരമായി നിലനിർത്തണമെന്ന് മേയർ പി.ഇന്ദിര ആവശ്യപ്പെട്ടിട്ടുണ്ട്. ദസറ നൈറ്റ് റൈഡിന് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് സ്ഥിരം സംവിധാനമെന്ന നിലയിൽ സർവീസ് നടത്തുവാൻ അനുയോജ്യമായ റൂട്ടുകൾ കണ്ടെത്താൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.
ദസറ ആഘോഷങ്ങൾ അവസാനിച്ച ശേഷം പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ എന്നിവ കേന്ദ്രീകരിച്ച് യാത്രകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ രീതിയിൽ നൈറ്റ് റൈഡുകൾ വിജയകരമായി നടന്നു വരുന്നുണ്ട്.
ഇന്ത്യയിലെ മിക്ക പ്രധാന നഗരങ്ങളിലും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഇത്തരം സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി വീണ്ടും അവിടെത്തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് നിലവിലെ യാത്രാക്രമം.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ണൂർ നിവാസികളുടെ പ്രിയങ്കരമായി മാറാൻ ഈ സർവീസിന് സാധിച്ചിട്ടുണ്ട്. ഒരാളിന് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒരു ട്രിപ്പിൽ പരമാവധി 60 യാത്രക്കാർക്ക് സഞ്ചരിക്കാം. വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് നിലവിൽ സർവീസ് സമയം ക്രമീകരിച്ചിരിക്കുന്നത്.
മുകൾഭാഗം തുറന്ന ഈ ബസിലൂടെയുള്ള യാത്രയിൽ ദീപാലങ്കൃതമായ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. താണ, പ്ലാസ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെയാണ് ബസ് കടന്നുപോകുന്നത്.
ഏകദേശം 30 മിനിറ്റാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. അതേസമയം, ദസറ ദിനങ്ങളിലെ അതിതീവ്രമായ തിരക്ക് ഒഴിവാക്കുന്നതിനായി വരും ദിവസങ്ങളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

