 
        പാലക്കാട്: ജനോപകാര പ്രവർത്തനങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്നും പണം യാതൊരു മടിയുമില്ലെന്ന് തെളിയിക്കുകയാണ് തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം ബാവ മാളിയേക്കൽ. പട്ടിത്തറ – ചാലിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടോപ്പാടം ചുടുവയൽ റോഡാണ് സ്വന്തം പോക്കറ്റിൽ നിന്നും മൂന്നര ലക്ഷം രൂപ ചിലവഴിച്ച് ഇദ്ദേഹം നിർമ്മിച്ചത്.
130 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലും നാലിഞ്ച് കനത്തിലും നിർമ്മിക്കുന്ന റോഡിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പഞ്ചായത്ത് നിർമ്മിച്ചാൽ ഏഴ് ലക്ഷത്തോളം തുക വേണ്ടി വരുമായിരുന്ന റോഡാണ് ബാവ മാളിയേക്കൽ മൂന്നര ലക്ഷം രൂപക്ക് നിർമ്മിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപ് പട്ടിത്തറ പഞ്ചായത്തിലെ നൗഷാദ് പടി റോഡും അദ്ദേഹം സ്വന്തം ചിലവിൽ ഒരു ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച് നൽകിയിരുന്നു.
ഈ പ്രദേശത്ത് തന്നെ പത്തോളം വീട്ടുകാർക്കായി സ്വന്തം ചിലവിൽ കുഴൽ കിണർ നിർമ്മിച്ച് 5000 ലിറ്ററിൻ്റെ ടാങ്കും ഇദ്ദേഹം സ്ഥാപിച്ച് നൽകിയിരുന്നു. കൂടാതെ പ്രദേശത്തെ കാശാ മുക്ക് അങ്കണവാടിക്ക് ചുറ്റുമതിൽ, പാറപ്പുറം അങ്കണവാടിയുടെ മുറ്റത്ത് ടൈൽ വിരിച്ച് നൽകൽ, ചിറ്റപ്പുറത്ത് 25 ഓളം വീട്ടുകാർക്കായി സ്വന്തം ചിലവിൽ കുടിവെള്ള പദ്ധതി നിർമ്മാണം, പഞ്ചായത്ത് കിണറിനെ സംരക്ഷിക്കുക ലക്ഷ്യമിട്ട് ഇരുമ്പ് നെറ്റ് സ്ഥാപിക്കൽ എന്നിവയും ഇദ്ദേഹം പൂർത്തീകരിച്ച് നൽകി.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനം തൻ്റെ സേവന കാലയളവിൽ പൂർത്തീകരിച്ച് നൽകാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവക്കെല്ലാം പുറമെ എല്ലാ വർഷവും നാട്ടിലെ പാവപ്പെട്ടവർക്കായി ആട് വിതരണം, അർഹരായവർക്ക് ടൈലറിങ്ങ് മെഷീൻ വിതരണം, വയോധികർക്ക് കട്ടിൽ വിതരണം എന്നിവയും ഇദ്ദേഹം ചെയ്ത് വരുന്നുണ്ട്.
തനിക്ക് ലഭിക്കുന്ന ഓണറേറിയം പോലും കൈപ്പറ്റാതെ മുഴുവൻ തുകയും അർഹരായ നാട്ടുകാർക്കായി ഇദ്ദേഹം ചിലവഴിച്ച് വരികയാണ്. കൂടാതെ നിരവധി രോഗികൾക്കായി ചികിത്സാ ധനസഹായവും ബാവ മാളിയേക്കൽ നൽകി വരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        