വടശേരിക്കര ∙ കൂടിനു ചുറ്റും കറങ്ങുന്ന കടുവ കൂട്ടിൽ കയറാതെ ഒളിച്ചു കളി തുടരുന്നു. ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം തുടരെ അനുഭവപ്പെടുന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ജനത്തിനു ഭയം.
കുമ്പളത്താമണ്ണിലെ സ്ഥിതിയാണിത്. കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ പോത്തിനെയാണ് തിങ്കളാഴ്ച പകൽ കടുവ കൊന്നത്.
പോത്തിന്റെ ജഡം കിടന്ന സ്ഥലത്തിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണ് വനപാലകരും നാട്ടുകാരും ചേർന്ന് കൂട് സ്ഥാപിച്ചത്. വൈകിട്ട് ഏഴരയോടെ മണിയോടെ കൂട് സ്ഥാപിക്കാനെത്തുമ്പോൾ കടുവ പോത്തിന്റെ സമീപത്തുണ്ടായിരുന്നു.
വെടിയുതിർത്ത് കടുവയെ ഓടിച്ച ശേഷമാണ് കൂടു സ്ഥാപിച്ചു മടങ്ങിയത്.
അന്നു രാത്രിയിലും ബുധനാഴ്ച രാത്രിയിലും കൂടിനു സമീപം കടുവ എത്തിയിരുന്നു.വെളിയിൽ നിന്ന് പോത്തിന്റെ മാംസത്തിൽ പിടിച്ചിട്ടുണ്ട്. എന്നാൽ ഉള്ളിൽ കയറിയില്ല.
തണ്ണിത്തോട് വനം സ്റ്റേഷനിലെ വനപാലകർ ഇന്നലെ രാവിലെയെത്തി കൂടിന്റെ വാതിൽ തിരിച്ചുവച്ചു. കടുവ വരുന്ന വഴി മനസ്സിലാക്കിയാണ് കൂടിന്റെ സ്ഥാനം തിരിച്ചത്.
ഫാമിൽ കന്നുകാലികളെ കെട്ടുന്നതിനു സമീപം വരെ കടുവയുടെ കാൽപ്പാടുകൾ ഇന്നലെ രാവിലെ കണ്ടിരുന്നു. പന്നി, പോത്ത്, പശു എന്നിവയടക്കം അൻപതോളം മൃഗങ്ങൾ ഫാമിലുണ്ട്.
കൂടാതെ കോഴിയെയും വളർത്തുന്നുണ്ട്.
ഫാമിനു സമീപം വരെ മിക്ക ദിവസവും കാട്ടാനകളെത്തുന്നുണ്ട്. ബുധനാഴ്ച രാത്രിയിലും 2 ആനകളെത്തി റബർ മരങ്ങൾ ഒടിച്ചിരുന്നു.കാട്ടാനകൾക്കു പുറമേ കടുവയെയും കണ്ടതു മുതൽ ജനം ഭീതിയിലാണ്.
പകലും രാത്രിയും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മിക്കവരും തയാറാകുന്നില്ല. ഭീതി കുട്ടികളെയും ബാധിച്ചിരിക്കുന്നു.
4 മീറ്റർ അകലെ കൺമുന്നിൽ കടുവ; ഞെട്ടലിൽ സായൂജ്
വടശേരിക്കര ∙ കടുവ പോത്തിനെ കൊന്നിട്ട
ദൃശ്യങ്ങൾ മൊബൈലീൽ കാണുന്നതിനിടെ 4 മീറ്റർ അകലെ കടുവയെ നേരിൽക്കണ്ട ഭീതിയിൽ നിന്ന് സായൂജ് ഇന്നും മുക്തനായിട്ടില്ല.
ഓടി വീട്ടിൽ കയറിയാണ് സായൂജ് രക്ഷപ്പെട്ടത്.കുമ്പളത്താമൺ ബാലവാടി താന്നിനിൽക്കുംകാലായിൽ സന്തോഷ്കുമാറിന്റെ മകനാണ് ഓയിൽ ആൻഡ് ഗ്യാസ് വിദ്യാർഥിയായ സായൂജ് (18). ചൊവ്വാഴ്ച രാത്രി 8 മണിയോടെ വീട്ടു മുറ്റത്തെ തടിക്കഷണത്തിനു മുകളിലിരുന്നു മൊബൈൽ ദൃശ്യം കാണുകയായിരുന്നു.
അതിരിലെ കയ്യാലയിൽ എന്തോ അനക്കം കേട്ട് മുറ്റത്തു നിന്ന് പൂച്ചകൾ കരഞ്ഞപ്പോഴാണ് സായൂജ് മൊബൈലിൽ നിന്ന് ശ്രദ്ധ തിരിച്ചത്.
മുൻ കാലുകൾ കയ്യാലയിൽ കയറ്റിവച്ച നിലയിൽ മുറ്റത്തേക്കു നോക്കി നിൽക്കുകയായിരുന്നു കടുവ. ഒറ്റ നോട്ടത്തിൽ ദൃശ്യം മനസ്സിൽ പതിഞ്ഞു.
പിന്നാലെ ഓടി വീട്ടിൽ കയറുകയായിരുന്നു. വേഗം സന്തോഷ്കുമാർ പുറത്തിറങ്ങി നോക്കിയെങ്കിലും കടുവയെ കണ്ടില്ല.
ഭീതിയോടെയാണ് സായൂജ് സംഭവം വിവരിച്ചതെന്ന് മുത്തശ്ശി സുഗദമ്മ പറഞ്ഞു. അവൻ ശരിക്കും ഭയന്നിരുന്നു.
അതു മുഖത്തു കാണാമായിരുന്നു.ചൊവ്വാഴ്ച രാത്രി ഏഴരയോടെ കടുവയെ പിടികൂടാൻ കൂടു വയ്ക്കാനെത്തിയ വനപാലകരും നാട്ടുകാരും പോത്തിനു സമീപമെത്തിയപ്പോൾ കടുവ മാംസം ഭക്ഷിക്കുകയായിരുന്നു. വെടിയുതിർത്ത് കടുവയെ നീക്കിയ ശേഷമാണ് കൂടു സ്ഥാപിച്ചത്.
വെടി ശബ്ദം കേട്ട് ഓടിയ കടുവ സന്തോഷ്കുമാറിന്റെ വീടിനു സമീപമെത്തുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

