ന്യൂയോർക്ക്: അറബ് മേഖലയുമായി ഇറാൻ നേരിട്ട് ചർച്ചകൾ നടത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ മാത്രമായി ചർച്ചകൾ ഒതുങ്ങരുതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗാഷ് വ്യക്തമാക്കി.
മേഖലയുടെ സുസ്ഥിരമായ ഭാവിയും സമാധാനവും ഉറപ്പുവരുത്തുന്നതിന് നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തിന് മുന്നോടിയായി ന്യൂയോർക്കിൽ സംഘടിപ്പിച്ച അൽ മോണിറ്റർ പാനൽ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക അഭിപ്രായപ്രകടനം നടത്തിയത്.
ഗൾഫ് രാജ്യങ്ങളുമായി തുറന്ന ചർച്ചയ്ക്ക് ഇറാൻ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാൻ സ്വയം ഒരു പ്രാദേശിക ശക്തിയായി സ്വയം വിലയിരുത്തുമ്പോൾ തന്നെ, പ്രധാന ചർച്ചകളെല്ലാം അമേരിക്കയുമായി മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ തികച്ചും പുതിയൊരു സമീപനവും കാഴ്ചപ്പാടും രൂപപ്പെടേണ്ടതുണ്ടെന്ന് അൻവർ ഗാർഗാഷ് അഭിപ്രായപ്പെട്ടു. നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ ശക്തമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.
മിഡിൽ ഈസ്റ്റിലെ നിലവിലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ഫലപ്രദമായ ചർച്ചകൾക്ക് തയ്യാറാണെന്ന് യുഎഇ ഇതിനുമുൻപും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
നയതന്ത്രപരമായ നീക്കങ്ങളും രാജ്യത്തിന്റെ പ്രതിരോധവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇറാനുമായി ഔദ്യോഗിക ബന്ധങ്ങൾ നിലനിർത്തുന്നതും ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര വിശ്വാസം പുനഃസ്ഥാപിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണെന്നും യുഎഇ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

