ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ പിക്സൽ 11 സീരീസിൽ ഗുരുതരമായ ബാറ്ററി ഡ്രെയ്ൻ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഫോണിന്റെ ബാറ്ററി ശേഷി കൈകാര്യം ചെയ്യുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഉപയോക്താക്കൾക്കിടയിൽ ഇതിനോടകം തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്.
എന്നാൽ റെഡ്ഡിറ്റ് ഉപയോക്താക്കളുടെ സജീവമായ ഇടപെടലിലൂടെ ഈ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിരിക്കുകയാണ്. റൂട്ടറുകളിൽ ഉപയോഗിക്കുന്ന വൈഫൈ ഫേംവെയറുമായി ബന്ധപ്പെട്ടാണ് ഈ തകരാർ സംഭവിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
റെഡ്ഡിറ്റ് ഉപയോക്താവായ Albamen13 ആണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ. തങ്ങളുടെ പിക്സൽ 11 ഫോൺ സ്റ്റാൻഡ്ബൈ മോഡിൽ ഇരിക്കുമ്പോൾ പോലും മണിക്കൂറിൽ 2.5 മുതൽ 3 ശതമാനം വരെ ബാറ്ററി ചാർജ് നഷ്ടപ്പെടുന്നുണ്ടെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
സാധാരണയായി ഉറങ്ങുമ്പോഴോ ഫോൺ ഉപയോഗിക്കാതിരിക്കുമ്പോഴോ മണിക്കൂറിൽ ഏകദേശം 1 ശതമാനം ചാർജ് മാത്രമാണ് നഷ്ടപ്പെടാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ബാറ്ററി വേഗത്തിൽ തീരുന്നതിന്റെ കാരണം കണ്ടെത്താൻ നടത്തിയ പരിശോധനയിലാണ് വൈഫൈ ചിപ്പാണ് വില്ലനെന്ന് വ്യക്തമായത്.
മിനിറ്റിൽ 135 തവണ ഫോണിനെ അനാവശ്യമായി വേക്ക് അപ്പ് ചെയ്യാൻ വൈഫൈ ചിപ്പ് കാരണമാകുന്നുണ്ടെന്നും, ഇത് ഫോണിന്റെ സ്ലീപ്പ് മോഡ് പ്രവർത്തനരഹിതമാക്കുന്നുവെന്നും കണ്ടെത്തി. സ്ലീപ്പ് മോഡിൽ പോകാൻ കഴിയാത്തതാണ് അമിതമായ ബാറ്ററി ചോർച്ചയ്ക്ക് കാരണം.
ആദ്യം വൈഫൈ 6 ആണ് പ്രശ്നകാരണമെന്ന് കരുതിയെങ്കിലും, വൈഫൈ 5 ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ബാറ്ററി ചോർച്ച കുറവാണെന്ന് തെളിഞ്ഞു. എങ്കിലും മറ്റ് ഉപയോക്താക്കൾ ഈ കണ്ടെത്തലിനെ ചോദ്യം ചെയ്യുകയും, തങ്ങളുടെ വൈഫൈ 6 റൂട്ടറുകളിൽ ഇത്തരം പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വയർലെസ് സ്റ്റാൻഡേർഡിൽ അല്ല, മറിച്ച് റൂട്ടറിൽ പ്രവർത്തിക്കുന്ന ഫേംവെയറിലാണ് പ്രശ്നമെന്ന് വ്യക്തമായത്. പ്രത്യേകിച്ച് ടെണ്ട
(Tenda) ഫേംവെയർ ഉപയോഗിക്കുന്ന വൈഫൈ 6 റൂട്ടറുകൾ ഈ തകരാറിന് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ Tenda Mesh3X, TP-Link Omada, Fritz!Box എന്നീ ബ്രാൻഡുകളിലെ റൂട്ടറുകൾ ബാറ്ററി ചോർച്ചയ്ക്ക് കാരണമാകുന്നതായി സംശയിക്കപ്പെടുന്നു.
അതേസമയം ഹുവായ് (Huawei), അസൂസ് (Asus) എന്നിവയുടെ ചില റൂട്ടറുകളിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഇതൊരു ചെറിയ സാമ്പിൾ കളക്ഷനെ അടിസ്ഥാനമാക്കിയുള്ള നിഗമനം മാത്രമാണെന്നതും ശ്രദ്ധേയമാണ്.
ഈ വിഷയം ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെടുമെന്നും, അധികം വൈകാതെ തന്നെ കമ്പനി ഇതിനൊരു പരിഹാരം കാണുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. മുൻപ് പിക്സൽ 10 സീരീസിലുണ്ടായ സമാനമായ ബാറ്ററി പ്രശ്നങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യത്തിലും ഉപയോക്താക്കൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

