കേരളത്തിൽ സമാനതകളില്ലാത്ത രീതിയിൽ ആസൂത്രിതമായി മോഷണങ്ങൾ നടത്തിവന്ന വിമാനയാത്രക്കാരായ അന്തർസംസ്ഥാന കവർച്ചാ സംഘം പൊലീസിന്റെ പിടിയിലായി. ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ 11 പേരെയാണ് തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നായി അറസ്റ്റ് ചെയ്തത്.
മീററ്റ്, ബാഗ്പത് സ്വദേശികളാണ് പിടിയിലായ മുഴുവൻ പേരും. ബിഎസ്എൻഎലിന്റെ ഔട്ട്ഡോർ ജംക്ഷൻ ബോക്സുകളിൽ നിന്നുള്ള ചെമ്പ് കേബിളുകളും രാത്രികാലങ്ങളിൽ പൂട്ടിയിട്ടിരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുമാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
സംഘത്തിന്റെ പ്രവർത്തന രീതി ഏറെ വിചിത്രമായിരുന്നു. കവർച്ചയ്ക്കായി പ്രതികൾ വിമാന മാർഗമാണ് ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയിരുന്നത്.
എന്നാൽ ഇവർക്ക് സഞ്ചരിക്കാനായുള്ള ഇരുചക്ര വാഹനങ്ങൾ ട്രെയിൻ മാർഗമാണ് എത്തിച്ചിരുന്നത്. എറണാകുളത്ത് ട്രെയിൻ വഴി എത്തിച്ച ഈ സ്കൂട്ടറുകൾ ഉപയോഗിച്ചാണ് സംഘം വിവിധ ജില്ലകളിൽ കവർച്ചയ്ക്കായി സഞ്ചരിച്ചിരുന്നത്.
മോഷണത്തിനു ശേഷം ചെമ്പ് കമ്പികളും മറ്റും വിറ്റ് പണം കണ്ടെത്തുന്ന ഇവർ, സ്കൂട്ടറുകൾ വീണ്ടും ട്രെയിൻ വഴി അയച്ച ശേഷം വിമാന മാർഗം യുപിയിലേക്ക് തന്നെ മടങ്ങുകയാണ് പതിവ്. ഇവരുടെ പക്കൽ നിന്ന് എയർ ഇന്ത്യ വിമാന ടിക്കറ്റുകളും റെയിൽവേ പാക്കിങ് പോലും മാറ്റാത്ത സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂർ പൂരവട്ടാനിയിൽ വെച്ച് കെഎസ്ഇബി ജീവനക്കാരുടെ വേഷത്തിൽ ബിഎസ്എൻഎൽ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാൾ ആദ്യം പിടിയിലാകുന്നത്. നീല യൂണിഫോമും മഞ്ഞ ഹെൽമറ്റും ധരിച്ചെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തിയ ഉടൻ സംഘം ചിതറിയോടിയെങ്കിലും മീററ്റ് സ്വദേശിയായ റെഹാൻ എന്നയാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കങ്ങളാണ് മറ്റു പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.
കളമശേരിയിലെ ലോഡ്ജിൽ റെയ്ഡ് നടത്തി മുഹമ്മദ് ഫർമാൻ അൻസാരി, മുഹമ്മദ് വാരീസ്, മുഹമ്മദ് സൽമാൻ, ഷാകുൽ, ഗൗരവ് കുമാർ എന്നിവരെ കളമശേരി പൊലീസിന്റെ സഹായത്തോടെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമേ കണ്ണൂർ സർക്കാർ ട്രെയിനിങ് സ്കൂളിന് സമീപം രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മുഹമ്മദ് സാജിദ് അൻസാരി, മോനീഷ്, മൊഹ്സിൻ, സമീർ, മുഹമ്മദ് സാഹിൽ എന്നിവരെ കണ്ണൂർ ടൗൺ പൊലീസും പിടികൂടി.
പ്രതികളിൽ നിന്ന് കേബിൾ കട്ടറുകൾ, ഏതു പൂട്ടും എളുപ്പത്തിൽ തുറക്കാനാവുന്ന പ്രത്യേക ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, 90,500 രൂപ എന്നിവയും പൊലീസ് കണ്ടെടുത്തു. സംഘം മോഷ്ടിച്ച മുതലുകൾ വാങ്ങിയിരുന്ന പ്രാദേശിക സ്ക്രാപ്പ് വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

