അതീവ രൂക്ഷമായ ചൂടും വരള്‍ച്ചയും കാരണം ഫ്രാന്‍സിലെ വൈന്‍ ഉല്‍പ്പാദനം കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വൈന്‍ ഉല്‍പ്പാദനത്തില്‍ ഇത്രയധികം ഇടിവ് രേഖപ്പെടുത്തുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് ഇത്തവണ കടന്നുപോയത്. ഇത് മുന്തിരിത്തോട്ടങ്ങളെയാകെ സാരമായി ബാധിച്ചു.
ആഗോള വൈന്‍ വിപണിയില്‍ ഫ്രാന്‍സ് പുലര്‍ത്തിയിരുന്ന മേധാവിത്വത്തിന് തന്നെ കോട്ടം തട്ടുന്നതാണ് പുതിയ പ്രതിസന്ധി. സര്‍ക്കാര്‍ ഏജന്‍സിയായ അഗ്രെസ്റ്റെയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 3.4 കോടി ഹെക്ടോലിറ്റര്‍ വൈന്‍ മാത്രമാകും ഫ്രാന്‍സില്‍ ഉല്‍പ്പാദിപ്പിക്കുക.
2025-നെ അപേക്ഷിച്ച് 6 ശതമാനവും, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയെ അപേക്ഷിച്ച് 17 ശതമാനവും കുറവാണ് ഈ കണക്കുകള്‍. പല ഘട്ടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, വിളവെടുപ്പിന് മുന്‍പ് തന്നെ മുന്തിരികള്‍ ഉണങ്ങിനശിക്കുകയായിരുന്നു.
ലോകത്തെ പ്രധാന വൈന്‍ കയറ്റുമതിക്കാരായ ഫ്രാന്‍സിലുണ്ടായ ഈ തിരിച്ചടി ആഗോള വിപണിയില്‍ വൈനിന്റെ ലഭ്യത കുറയാനും പ്രീമിയം വൈനുകളുടെ വില കുതിച്ചുയരാനും ഇടയാക്കും. തണുപ്പുള്ള പ്രദേശങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.
പ്രശസ്തമായ ഷാംപെയ്ന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം പകുതിയോളമായി കുറയുമെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ ജൂറയില്‍ 37 ശതമാനവും, ബര്‍ഗണ്ടി- ബ്യൂജോലെയ്സ്മേഖലയില് മൂന്നിലൊന്നായും ഉല്‍പ്പാദനം ഇടിയും.
ബോര്‍ഡോ പോലുള്ള പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നത് മൂലമുണ്ടായ പുക മുന്തിരിയുടെ തൊലിയിലേക്ക് ഇറങ്ങിച്ചെന്ന് വൈനിന്റെ രുചിയെ ബാധിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കിടയിലുണ്ട്. ഒന്നര പതിറ്റാണ്ട് മുന്‍പ് വരെ വൈന്‍ ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്നു ഫ്രാന്‍സ്.
എന്നാല്‍ ഇന്ന് ഇറ്റലി ഫ്രാന്‍സിനെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തി. അധികം വൈകാതെ സ്പെയിന് ഫ്രാന്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കടുത്ത ചൂടിനെ നേരിടാന്‍ സ്പെയിന് ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍, മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത പരമ്പരാഗത രീതികളും കര്‍ശന നിയമങ്ങളും ഫ്രാന്‍സിന് തിരിച്ചടിയായി. ഫ്രാന്‍സിലെ നിയമങ്ങള്‍ അനുസരിച്ച് മുന്തിരിത്തോട്ടങ്ങളില്‍ കൃത്രിമമായി നനയ്ക്കുന്നതിന് അടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ട്.
എന്നാല്‍ നിലവിലെ പ്രതിസന്ധിയില്‍ പിടിച്ചുനില്ക്കാന് ബോര്‍ഡോയിലെ ഷാറ്റോ ലാഫ്ലര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം നിയമങ്ങള്‍ ഉപേക്ഷിച്ച് തോട്ടങ്ങളില്‍ നനയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തു. 1930-കള്‍ക്ക് ശേഷം ഓരോ ദശാബ്ദത്തിലും വിളവെടുപ്പ് സമയം മൂന്ന് ദിവസം വീതം നേരത്തെയാകുന്നതും കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

