നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും അനധികൃത വഴിയോരക്കച്ചവടങ്ങൾ കർശനമായി തടയുന്നതിനുമായി കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടു. വഴിയോരക്കച്ചവട
സമിതി അംഗങ്ങളുടെയും അംഗീകൃത കച്ചവടക്കാരുടെയും പ്രത്യേക യോഗത്തിലാണ് നഗരത്തിന്റെ സുഗമമായ യാത്രയും ക്രമസമാധാനവും ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. അംഗീകൃത കച്ചവടക്കാർ തങ്ങൾക്ക് അനുവദനീയമായ അളവിൽ കൂടുതൽ സ്ഥലം കയ്യേറി കച്ചവടം നടത്തുവാൻ പാടില്ലെന്നും, അധികസ്ഥലം ഉപയോഗിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക അനുമതി ലഭിച്ച വ്യക്തികൾ മാത്രം തങ്ങളുടെ കച്ചവടങ്ങൾ നടത്തേണ്ടതാണ്. മേൽവാടകയ്ക്കോ മറ്റു വ്യക്തികൾക്കോ ബങ്കുകളോ കച്ചവട
സ്ഥാപനങ്ങളോ മറിച്ചുനൽകാൻ യാതൊരുവിധത്തിലും അനുവാദമില്ല. ഈ നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസും അനുമതിയും ഉടൻതന്നെ റദ്ദാക്കുന്നതായിരിക്കും.
കൂടാതെ, ബസ് സ്റ്റാൻഡിൽ അനുവദിച്ച ബങ്കുകളിൽ ഇതുവരെ കച്ചവടം ആരംഭിക്കാത്തവർക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകും. നഗരസഭയുടെ നിർദ്ദേശങ്ങളുമായി സഹകരിക്കാത്ത കച്ചവടക്കാരിൽനിന്ന് കനത്ത പിഴയീടാക്കൽ, നഗരസഭയുടെ അംഗീകൃത പട്ടികയിൽനിന്ന് ഒഴിവാക്കൽ, ഐഡി കാർഡ് റദ്ദാക്കൽ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും യാത്രാതടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള എല്ലാ കച്ചവടങ്ങളും പൂർണമായി ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനുപുറമേ, നഗരത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും വ്യാപകമായ പരിശോധനകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.എം.ഹനീഫ് നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ സെക്രട്ടറി പി.ബി.ഷാജു അധ്യക്ഷത വഹിച്ചു.
ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ സുധാകരൻ, കെ.മധു, ക്ലീൻ സിറ്റി മാനേജർ എം.വി.മധുസൂദനൻ, സമിതി അംഗങ്ങളായ ഫിറോസ് അടുക്കത്ത് ബയൽ, ബിനീഷ് ജേയി, ദേവയാനി, സുനിൽ കുമാർ, അഷ്റഫ് എടനീർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

