സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മുന്നേറ്റത്തിന് വിരാമമിട്ടാണ് വിപണിയിൽ ഇപ്പോൾ വില താഴ്ന്നിരിക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 12 ഡോളർ കുറഞ്ഞ് 4365 ഡോളർ നിലവാരത്തിലേക്ക് എത്തിയതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 14,270 രൂപയായും, പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായും താഴ്ന്നു.
കൂടാതെ, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,725 രൂപയിലെത്തി. വിപണിയിൽ വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയാണ് പുതിയ നിരക്ക്. ആഗോളതലത്തിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാണ് വിലയിടിവിന് പ്രധാന കാരണം.
ഇറാനും യുഎസും, അതുപോലെ യുക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ കലുഷിതമാകാനുള്ള സാധ്യതകൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇറാൻ പ്രസിഡന്റുമായി താൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചന യുഎസ് പ്രസിഡന്റ് ട്രംപ് നൽകിയിട്ടുണ്ടെങ്കിലും, മറുവശത്ത് ശക്തമായ ഭീഷണികളും നിലനിൽക്കുന്നുണ്ട്.
“താൻ ഇറാനെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും ആണവ വിഷയത്തിലടക്കം ഡീലിന് തയാറാകണമെന്നും” ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. സാഹസം കാട്ടിയാൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മോസ്കോയിൽ യുക്രെയ്ൻ കനത്ത ഡ്രോൺ ആക്രമണം നടത്തി. ആയിരത്തിലേറെ ഡ്രോണുകൾ തൊടുത്താണ് റഷ്യയെ യുക്രെയ്ൻ ലക്ഷ്യമിട്ടത്.
എങ്കിലും റഷ്യയിലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പുട്ടിൻ നയിക്കുന്ന പാർട്ടി എതിരാളികളെ ബഹുദൂരം പിന്തള്ളി മുന്നിലെത്തി. യുക്രെയ്നെതിരായ യുദ്ധം കൂടുതൽ കടുപ്പിക്കാൻ പുട്ടിൻ മുതിർന്നേക്കാമെന്നും, നാറ്റോ രാഷ്ട്രങ്ങളെയും റഷ്യ ആക്രമിച്ചേക്കുമെന്നുമുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
സാധാരണഗതിയിൽ യുദ്ധ സാഹചര്യങ്ങൾ സ്വർണത്തിന് സുരക്ഷിത നിക്ഷേമമെന്ന നിലയിൽ മൂല്യം വർധിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഇറാൻ-യുഎസ് സംഘർഷം പശ്ചിമേഷ്യയിലെ ക്രൂഡോയിൽ ഉൽപാദനത്തെയും, ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ കയറ്റുമതി രാജ്യങ്ങളിലൊന്നായ റഷ്യയിലെ സാഹചര്യങ്ങളും എണ്ണവില വർധനവിന് കാരണമായി.
ഇത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിനും പലിശനിരക്ക് വർധനയ്ക്കും വഴിയൊരുക്കുകയും, ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തമാക്കുകയും ചെയ്തു. ഈ സാമ്പത്തിക ഘടകങ്ങളാണ് സ്വർണവിലയിലെ നിലവിലെ ഇടിവിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

