സംസ്ഥാനത്ത് വലിയ ചർച്ചയായകിഫ്ബി പ്രവർത്തനങ്ങളിൽ സമഗ്രമായ അഴിച്ചുപണി നിർദേശിച്ചുകൊണ്ടുള്ള വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സുധാപിള്ള അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കിഫ്ബി സർക്കാരിന് വൻ ബാധ്യതയാണെന്നും ഈ രീതിയിൽ പ്രവർത്തനം തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുവരെ 32,198.33 കോടിയുടെ ബാധ്യതയാണ് കിഫ്ബി ഉണ്ടാക്കിയിട്ടുള്ളത്.
ഇനിയുള്ള പദ്ധതികൾക്കായി 22883 കോടി രൂപ ആവശ്യവുമാണ്. ഭൂമി ഏറ്റെടുക്കലിനായി 11787.37 കോടിയാണു കൊടുക്കാനുള്ളത്.
മോട്ടർ വാഹന നികുതി, ഇന്ധന നികുതി എന്നിവ വഴി സർക്കാർ 2026 സെപ്റ്റംബർ 29 വരെ 26165.93 കോടിയാണ് കിഫ്ബിക്കു നൽകിയിട്ടുള്ളത്. കിഫ്ബി മൂലം സംസ്ഥാനത്തിന്റെ ബജറ്റ് കടമെടുപ്പിൽനിന്ന് കേന്ദ്രസർക്കാർ 25932.53 കോടി ഒഴിവാക്കുകയും ചെയ്തു.
ഉദ്ദേശലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാരിനു വൻസാമ്പത്തിക ബാധ്യതയാണുണ്ടാക്കിയതെന്ന് സമിതി വിമർശിക്കുന്നു. വരുമാനമുള്ള പദ്ധതികൾക്കായി രൂപകൽപ്പന ചെയ്ത കിഫ്ബി 20.98 ശതമാനം ഫണ്ട് മാത്രമാണ് അത്തരം പദ്ധതികൾക്കായി നൽകിയത്.
ഈ ഇനത്തിൽ പെടുന്ന 44 പദ്ധതികളിൽ മൂന്നെണ്ണം മാത്രമാണു സ്വന്തം വരുമാനത്തിൽനിന്ന് കടം തിരിച്ചടച്ചതെന്നും സമിതി വ്യക്തമാക്കുന്നു. വൻപലിശയ്ക്കു കടമെടുത്ത പണം മാസങ്ങളോളം ഉപയോഗിക്കാതെ വെച്ചു.
ചെലവുകൾക്കും മറ്റും യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. 2025-26ൽ പരസ്യങ്ങൾക്കായി 203.72 കോടി ചെലവിട്ടതും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
40 തസ്തികകൾക്ക് അംഗീകാരമുണ്ടെങ്കിലും 409 ജീവനക്കാരാണുള്ളത്. കിഫ്ബി വഴിയുള്ള പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടെന്നും കൊച്ചിയും തിരുവനന്തപുരവും ഒഴിവാക്കി കണ്ണൂരിൽ വലിയ തോതിൽ ഭൂമി ഏറ്റെടുത്തത് പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കണ്ണൂരിൽ 4896 ഏക്കർ ഏറ്റെടുക്കാനാണ് കിഫ്ബി ബോർഡ് അംഗീകാരം നൽകിയത്. പദ്ധതികളുടെ 41.6 ശതമാനവും തിരുവനന്തപുരം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ മാത്രമായി ചുരുക്കി.
ആകെയുള്ള 100341 കോടിയിൽ 23024.85 കോടിയും കണ്ണൂരിനു മാത്രമാണ് അനുവദിച്ചത്. കിഫ്ബിയുടെ വരുമാനത്തിൽനിന്ന് ബാധ്യതകളുടെ വളരെ കുറച്ചു ശതമാനം മാത്രമാണ് വഹിച്ചിരുന്നത്.
99.4 ശതമാനവും സംസ്ഥാനത്തിന്റെ വരുമാനത്തിൽനിന്നു ലഭിച്ച വിഹിതത്തിൽനിന്നാണ് അടച്ചിരുന്നത്. അടുത്ത അഞ്ചു വർഷം കിഫ്ബി പദ്ധതികൾക്കായി 22883 കോടിയാണ് വേണ്ടിവരുന്നത്.
2041 വരെ കടമെടുത്തു തുകയുടെ മുതലും പലിശയുമായി 47532.54 കോടി രൂപയാണു വേണ്ടിവരുന്നത്. 2016 മുതൽ 26 വരെ കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങളുടെ പെർഫോമൻസ് ഓഡിറ്റ് സിഎജിയെ കൊണ്ട് അടിയന്തരമായി നടത്തണം എന്നതാണു സമിതിയുടെ പ്രധാന ശുപാർശ.
വിപണിയിൽനിന്ന് കിഫ്ബി കടമെടുക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി കിഫ്ബി നിയമത്തിലെ 8.9 വകുപ്പുകൾ ഒഴിവാക്കണം.
കിഫ്ബിയുടെ ബാധ്യതകൾ അടച്ചുതീർക്കാനുള്ള വിഹിതം വാർഷിക ബജറ്റിൽ ഉൾപ്പെടുത്തണം. മോട്ടർ വാഹന നികുതിയുടെ വിഹിതവും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്ക് പോകുന്നത് റദ്ദാക്കണം.
നേരിട്ടുള്ള കടമെടുപ്പും പദ്ധതി നടത്തിപ്പും ഒഴിവാക്കുന്നതോടെ കിഫ്ബിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ കരാർ അവസാനിക്കുന്നതു വരെ മാത്രം തുടരാൻ അനുവദിക്കണം.
പദ്ധതികളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ പ്ലാനിങ് ബോർഡിലേക്ക് ഉൾപ്പെടുത്തി പഞ്ചവത്സരപദ്ധതി നടത്തിപ്പിനായി ഉപയോഗിക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഫിനാൻസ് വിഭാഗത്തെ ധനവകുപ്പിന്റെ ഭാഗമാക്കാം.
ഡെപ്യൂട്ടേഷനിലുള്ളവരെ മാതൃവകുപ്പിലേക്കു മടക്കണം. ജീവനക്കാരുടെ ശമ്പളവും ഇന്സെന്റവുകളും പുനഃപരിശോധിക്കണം.
കിഫ്ബി സിഇഒയ്ക്ക് നിയമനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വകുപ്പ് 10 നിയമത്തിൽനിന്ന് ഒഴിവാക്കണമെന്നും സമിതി നിർദേശിച്ചു.
കിഫ്ബിയുടെ സഹകൺസൾട്ടിങ് സ്ഥാപനമായ കിഫ്കോൺ പ്ലാനിങ് ബോർഡിന്റെ നിയന്ത്രണത്തിലാക്കണം. അസോസിയേറ്റഡ് കമ്പനിയായ കെഐഎഫ്എംഎല്ലിൽ കിഫ്ബിക്കുള്ള ഓഹരി കെഎസ്ഐഡിസി ഏറ്റെടുക്കണമെന്നും സമിതി നിർദേശിക്കുന്നു.
നിലവിൽ കിഫ്ബി വഴി ആരംഭിച്ച പദ്ധതികൾ അതതു വകുപ്പുകൾ കരാർ ഏജൻസികളുമായി ചേർന്ന് പൂർത്തിയാക്കണമെന്നും സമിതി നിർദേശിച്ചു. നിലവിൽ വലിയ പലിശയ്ക്ക് കിഫ്ബി എടുത്തിരിക്കുന്ന വായ്പകൾ കുറഞ്ഞ പലിശയുള്ള വായ്പകളാക്കി മാറ്റാനും നടപടി സ്വീകരിക്കണം നിലവിലുള്ള വൻപലിശബാധ്യത ഒഴിവാക്കാനാണിതെന്നും സമിതി വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

