അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ നിരവധി മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും പ്രയാസമേറിയ ഇന്ത്യന്‍ എതിരാളി ആരെന്ന് വെളിപ്പെടുത്തുന്നു. പ്രൈം വീഡിയോ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പേരുകള്‍ക്കപ്പുറം, രാഹുല്‍ ദ്രാവിഡിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു വന്മതിലായി മാറിയ ചേതേശ്വര്‍ പുജാരയാണ് തനിക്ക് ഏറ്റവും വലിയ വെല്ലുവിളിയായതെന്ന് കമ്മിന്‍സ് പറയുന്നു. രണ്ട് ബോര്‍ഡര്‍ – ഗവാസ്കര്‍ ടെസ്റ്റ് പരമ്പരകളില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ക്ഷമയെയാണ് പരീക്ഷിച്ചത്.
ആ അനുഭവമാണ് പുജാരയെ ഏറ്റവും പ്രയാസമേറിയ താരമാക്കി മാറ്റുന്നതെന്ന് ഓസ്ട്രേലിയന്‍ നായകന് നിരീക്ഷിക്കുന്നു. പുജാര നൂറ് ഡോട് ബോളുകള്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ അയാളത് തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്യും.
ഒരു ബൗളര്‍ക്കും യാതൊരു അവസരവും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയക്കെതിരെ 25 ടെസ്റ്റുകളാണ് പുജാര കളിച്ചത്.
49.38 ശരാശരിയില്‍ 2074 റണ്‍സാണ് ഓസീസിനെതിരെ അദ്ദേഹം നേടിയത്. ഇതില്‍ 993 റണ്‍സും ഓസ്ട്രേലിയന്‍ മണ്ണില്‍ വെച്ചായിരുന്നു.
അവിടെ വെച്ച് മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍ 193 ആണ്. 2018-19, 2020-21 ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരെ പുജാര അതീവ ക്ഷമയോടെയാണ് പ്രതിരോധിച്ചത്.
പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവരടങ്ങിയ പേസ് നിരയ്ക്ക് പുജാരയെ കാര്യമായി വെല്ലുവിളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ചേതേശ്വര്‍ പുജാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഇന്ത്യക്കായി 103 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 7195 റണ്‍സ് അക്കൗണ്ടിലാക്കി. കരിയറില്‍ 19 സെഞ്ച്വറികളും 35 അര്‍ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മെക്കല്ലം, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്സ്, പാക്കിസ്ഥാന്റെ സ്പിന്നര്‍ സഈദ് അജ്മല്‍, ശ്രീലങ്കയുടെ തിലകരത്നെ ദില്ഷന്, വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍ എന്നിവരെയും തന്റെ കരിയറിലെ ശക്തരായ മറ്റ് പ്രതിയോഗികളായി പാറ്റ് കമ്മിന്‍സ് അഭിമുഖത്തില്‍ പരാമര്‍ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

