ബഹറൈൻ: ഓണാഘോഷ പരിപാടികൾക്കിടയിൽ കുട്ടികളെ ഉൾപ്പെടുത്തി അവതരിപ്പിച്ച ‘ചരട് പിന്നിക്കളി’ വിവാദത്തിൽ കലാശിച്ചു. കുട്ടികളെ കയറിൽ പിടിപ്പിച്ച് ഉയരത്തിൽ നിർത്തി, ശരീരത്തിൽ ചരട് പിന്നിയെടുത്ത കലാപരിപാടിയാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായത്.
എന്നാൽ, രക്ഷിതാക്കളുടെ മേൽനോട്ടത്തിലും കൃത്യമായ പരിശീലനത്തിന് ശേഷവുമാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് വ്യക്തമാക്കി ബഹറൈൻ കേരളീയ സമാജം രംഗത്തെത്തി. ബഹറൈൻ കേരളീയ സമാജത്തിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിലാണ് ഈ സംഭവം അരങ്ങേറിയത്.
കയറിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റി നൃത്തം ചെയ്യുന്നതും, ശരീരത്തിൽ ചരട് പിന്നിയെടുക്കുന്നതും, ചില കുട്ടികൾ രക്ഷിതാക്കളുടെ ചുമലിലും മറ്റുചിലർ കയറിൽ തൂങ്ങിയും നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. പരിപാടി അവസാനിക്കുന്നത് വരെ കുട്ടികൾ കയറിൽ തൂങ്ങിക്കിടക്കേണ്ടി വന്നത് അവരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന രീതിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത്.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സമാജം അധികൃതർ എത്തിയത്. വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് വിമർശനങ്ങൾ പ്രചരിക്കുന്നതെന്നും, ചിട്ടയായ പരിശീലനത്തിന്റെയും രക്ഷിതാക്കളുടെ നേരിട്ടുള്ള ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് ഈ കലാപരിപാടി അവതരിപ്പിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
പരിപാടി കണ്ടവരിൽ നിന്നോ മാതാപിതാക്കളുടെ ഭാഗത്തുനിന്നോ യാതൊരുവിധ പരാതികളും ഉയർന്നിരുന്നില്ലെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ഈ പരിപാടി ഇവിടെ തുടരുന്നുണ്ടെന്നും സമാജം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കുട്ടികളുടെ സഹായമില്ലാതെ തന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് പിന്നൽ തിരുവാതിരയെന്നും ചരടു പിന്നിക്കളി എന്നും അറിയപ്പെടുന്ന ഈ കലാരൂപമെന്നിരിക്കെ, എന്തിനാണ് ഇതിൽ കുട്ടികളെ ഉൾപ്പെടുത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
സമാജം ഔദ്യോഗികമായി പങ്കുവെച്ച ഇതേ കളിയുടെ മറ്റ് ചില വീഡിയോകളിൽ കുട്ടികളുടെ സാന്നിധ്യമില്ലെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

