പത്തനംതിട്ട ജില്ലയിലെ അടൂർ സ്റ്റേഷനിലെ എസ്ഐ ജെ.യു.
ജിനുവിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടുന്നതിനിടയിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഒരു ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവസ്ഥലത്ത് മഫ്തിയിൽ എത്തിയ പൊലീസിനു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടായിരുന്നു. പൊലീസ് സേനയ്ക്ക് ആകമാനം കളങ്കം വരുത്തിയ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രിയും കർശന നിർദേശം നൽകിയിരുന്നു.
ജെ.യു. ജിനു സസ്പെൻഷൻ നടപടി നേരിടുന്നത് ഇത് രണ്ടാം തവണയാണ്.
മുൻപ് പത്തനംതിട്ടയിൽ വെച്ച് ഒരു വിവാഹ സംഘത്തെ അകാരണമായി മർദിച്ച കേസിലും ഇദ്ദേഹത്തിന് സസ്പെൻഷൻ നേരിടേണ്ടി വന്നിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ വധശ്രമ കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് അടൂരില്‍ നിന്നുള്ള പൊലീസുകാരെ ഒരുകൂട്ടം സ്ത്രീകൾ ആക്രമിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം പത്തനംതിട്ട എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രതിയെ പിടികൂടാൻ എസ്ഐ മറ്റൊരു പ്രതിയെ ഒപ്പം കൂട്ടിയെന്ന ഗുരുതര കണ്ടെത്തലുള്ളത്.
കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ശരത് ആണ് പൊലീസിന് സഹായിയായി ഒപ്പമുണ്ടായിരുന്നത്. റൗഡി പട്ടികയിലുള്ള ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

