തൃശൂർ കേച്ചേരി തോളൂരിൽ വ്യപാരിയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂരിൽ ടെക്സ്റ്റയിൽ കട
നടത്തുന്ന നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അകത്തുകടന്ന സംഘം 50 പവൻ ആഭരണങ്ങളാണ് കവർന്നത്.
വീടിന്റെ പിറകുവശത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഷക്കീറിന്റെ വീടിന് തൊട്ടുപിറകിലായി റെയിൽവേ ട്രാക്ക് കടന്നുപോകുന്നുണ്ട്.
ഈ പ്രദേശം ജനശ്രദ്ധയിൽ പെടാത്ത ഒരിടമായതിനാൽ മോഷ്ടാക്കൾ ഈ വഴിയാണ് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ ജോലികളിൽ സഹായിക്കാനായി ഷക്കീറിന്റെ ഭാര്യയും കുട്ടികളും വീട്ടിൽ നിന്നും കടയിലേക്ക് പോയിരുന്നു.
തുടർന്ന് പുലർച്ചെ 1:30-ഓടെയാണ് ഇവർ തിരികെ വീട്ടിലെത്തിയത്. വീടിന്റെ മുൻവാതിൽ തുറന്ന് അകത്തു കയറിയപ്പോൾ അലമാരകൾ കുത്തിത്തുറന്ന നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട
നിലയിലുമായിരുന്നു കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ സ്വർണം നഷ്ടപ്പെട്ട
വിവരം പുറത്തറിയുന്നത്. ഷക്കീറിന്റെ മകളുടെ വിവാഹ ആവശ്യത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
വീടിന്റെ ചുറ്റുപാടുകളെക്കുറിച്ചും കുടുംബാംഗങ്ങളുടെ സമയക്രമങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. സംഭവമറിഞ്ഞ് പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
കുറ്റാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

