ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങളിൽ വൻ മാറ്റത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. സജ്ജൻ ജിൻഡാൽ ചെയർമാനായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, ഫോക്സ്വാഗന്റെ ഇന്ത്യൻ വിഭാഗത്തിൽ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്കോഡ ഓട്ടോ ഫോക്സ്വാഗൻ ഇന്ത്യ എന്ന കമ്പനിയുടെ കീഴിലാണ് ഫോക്സ്വാഗൻ, സ്കോഡ, ഔഡി, പോഷോ, ലംബർഗിനി, ബെന്റ്ലി എന്നീ ആറ് പ്രമുഖ ബ്രാൻഡുകൾ നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണ് ജെഎസ്ഡബ്ല്യു ലക്ഷ്യമിടുന്നത്.
നിലവിൽ ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർ, ചെറി എന്നിവയുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഇതിനു പുറമെ സ്വന്തം ബ്രാൻഡിൽ വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികളും ഗ്രൂപ്പിനുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുണ്ടെങ്കിലും, ഉൽപാദനരംഗത്ത് കാര്യമായ മുന്നേറ്റം നടത്താൻ ഫോക്സ്വാഗന് സാധിച്ചിരുന്നില്ല. മുൻപ് മഹീന്ദ്ര ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആ നീക്കം ഉപേക്ഷിച്ചിരുന്നു.
ഏകദേശം മൂന്ന് വർഷം മുൻപാണ് ജെഎസ്ഡബ്ല്യുവുമായി ചർച്ചകൾ ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ രണ്ട് നിർമാണ പ്ലാന്റുകൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
നിലവിൽ കമ്പനികളുടെ മൂല്യനിർണയം, ഓഹരി വിഹിതം തുടങ്ങിയ സാങ്കേതിക കാര്യങ്ങളിൽ അന്തിമ ധാരണയിലെത്താൻ ബാക്കിയുണ്ട്. ഈ പങ്കാളിത്തം സാധ്യമായാൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് ഫോക്സ്വാഗന്റെ ആധുനിക വാഹന സാങ്കേതിക വിദ്യകൾ സ്വന്തമാക്കാനും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം നേടാനും സാധിക്കും.
അതേസമയം, ഇന്ത്യൻ വിപണിയിൽ അഞ്ച് ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്ന ഫോക്സ്വാഗന്, നിലവിലെ 2.5 ശതമാനം എന്ന പരിമിതമായ വളർച്ചയിൽ നിന്ന് കുതിച്ചുചാട്ടം നടത്താൻ ഈ സഖ്യം വഴിയൊരുക്കും. നേരത്തെ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിനായി 100 കോടി ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, പിന്നീട് അത് 70 കോടി ഡോളറായി കമ്പനി ചുരുക്കിയിരുന്നു.
ഒരു പ്രാദേശിക പങ്കാളിയുമായുള്ള സഹകരണത്തിന് ശേഷം കൂടുതൽ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇതുവരെ ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇരു കമ്പനികളും തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

