ചങ്ങനാശേരിയിൽ നിന്നും മോഷണം പോയ ഇരുചക്രവാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. വെളിയനാട് സ്വദേശി രാഹുൽ രാജേഷ് (23) എന്നയാളാണ് കേസിൽ പിടിയിലായിരിക്കുന്നത്.
ചങ്ങനാശേരിയിൽ നിന്ന് ഇയാൾ മോഷ്ടിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറുമാണ് പൊലീസ് കണ്ടെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദ്, ചങ്ങനാശേരി എസ്എച്ച്ഒ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
റെയിൽവേ സ്റ്റേഷൻ പാർക്കിങ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്നതിൽ അതീവ വിദഗ്ധനാണ് രാഹുൽ. മൊട്ടുസൂചിയും സേഫ്റ്റിപിന്നും മാത്രം ഉപയോഗിച്ച് വാഹനങ്ങൾ ലോക്ക് തുറക്കുന്നതാണ് ഇയാളുടെ രീതി.
കൂടാതെ, സോളർ പോസ്റ്റുകളിൽ വലിഞ്ഞുകയറി ബാറ്ററി മോഷ്ടിക്കുന്നതിലും ഇയാൾക്ക് പ്രത്യേക പരിശീലനമുണ്ട്. ഇതിനായി പ്രത്യേക ശാരീരിക പരിശീലനമുറകൾ ഇയാൾ ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
അസാമാന്യ മെയ്വഴക്കം കാരണം പലതവണ പൊലീസിന്റെ പിടിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. പാലമറ്റം ഭാഗത്തെ റബർ തോട്ടത്തിന് നടുവിലുള്ള ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വലയിലായത്.
പൊലീസ് വീട് വളഞ്ഞെങ്കിലും തോട്ടത്തിലൂടെ ഓടി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചു. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥർ ഒന്നടങ്കം ചാടിവീണാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
ചങ്ങനാശേരിക്ക് പുറമേ മറ്റ് സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് ബൈക്കുകളും, പാമ്പാടിയിൽ നിന്ന് ഒരു ബൈക്കും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്.
ഇതിനുപുറമെ മണർകാട്, എടത്വ എന്നിവിടങ്ങളിൽ നിന്ന് സോളർ ബാറ്ററികളും, തൃക്കൊടിത്താനം മേഖലയിൽ നിന്ന് റബർ ഷീറ്റുകളും മോഷ്ടിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

