മയക്കുവെടിവച്ചു നിയന്ത്രണത്തിലാക്കിയ കെഎം–1 മോഴയെ വനത്തിൽനിന്നു പുറത്തെത്തിക്കുന്നതായിരുന്നു ‘ഓപ്പറേഷൻ കെഎം–1’ലെ ഏറ്റവും കഠിനഘട്ടം. കനത്തമഴയിൽ പുതുതായി നിർമിച്ച പാത ചെളിക്കുളമായതോടെ ആനയെ കയറ്റിയ ലോറിയുടെ യാത്ര പലതവണ തടസ്സപ്പെട്ടു.
300 മീറ്റർ മാത്രം പിന്നിടാൻ 5 മണിക്കൂർ വേണ്ടിവന്നതു ദൗത്യത്തിന്റെ സങ്കീർണത വ്യക്തമാക്കുന്നു. ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്ക വരെയുണ്ടായി.
കനത്തമഴയിൽ റോഡ് പൂർണമായും ചെളിക്കുളമായി. മോഴയെ കയറ്റിയ ലോറി ചെളിയിൽ പലതവണ തെന്നിയും താഴ്ന്നുമാണു മുന്നേറിയത്.
മോഴയെ കൊണ്ടുപോകുന്നതിനായി പുതുതായി നിർമിച്ച റോഡ് കഴിഞ്ഞ്, കരിക്കൻമുക്ക് – കക്കുവ 3 കിലോമീറ്റർ റോഡ് പിന്നിടുന്നതിനിടെ വാഹനം വീണ്ടും ചെളിയിൽ പൂണ്ടു. യാത്ര പുനരാരംഭിക്കാൻ ഒരു മണിക്കൂറോളമെടുത്തു.
ഉച്ചകഴിഞ്ഞ് 1.50നു നിയന്ത്രണത്തിലാക്കിയ മോഴയെ 3.3 കിലോമീറ്റർ പിന്നിട്ട് കക്കുവ ജംക്ഷനിലെത്തിക്കുമ്പോൾ രാത്രി 12.30 ആയിരുന്നു. ഓടംതോട്, വളയംചാൽ, പാൽച്ചുരം, ബോയ്സ് ടൗൺ വഴിയാണു മോഴയെ മുത്തങ്ങയിലേക്ക് മാറ്റിയത്.
കണ്ണൂർ നോർത്തേൺ സർക്കിൾ സിസിഎഫ് ബി.എൻ.അഞ്ജൻകുമാർ, കണ്ണൂർ ഡിഎഫ്ഒ കെ.സജി, ആറളം വൈൽഡ്ലൈഫ് വാർഡൻ വി.രതീശൻ, സിസിഎഫ് ടെക്നിക്കൽ അസിസ്റ്റന്റ് ജി.പ്രദീപ്, കണ്ണൂർ എസ്ഐപി ഡിഎഫ്ഒ രവീന്ദ്രനാഥ്, റേഞ്ചർമാരായ ടി.നിതിൻരാജ് (കൊട്ടിയൂർ), സുധീർ നെരോത്ത് (കണ്ണവം), സനൂപ് കൃഷ്ണൻ (തളിപ്പറമ്പ്), ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.പി.ഗോകുൽ, ഡോ.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ കുങ്കിയാനകൾ, ആർആർടി, വെറ്ററിനറി സംഘം, വനംവകുപ്പ് ജീവനക്കാർ, വാച്ചർമാർ എന്നിവരടങ്ങിയ നൂറോളംപേരാണു ഭക്ഷണംപോലും കഴിക്കാനാകാതെ തുടർച്ചയായ 28.5 മണിക്കൂർ നീണ്ട പ്രവർത്തനത്തിൽ പങ്കെടുത്തത്.
ഇതിനിടെ, ആറളത്തുനിന്നു പിടികൂടിയ കെഎം–1 മോഴയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായി വെറ്ററിനറി പരിശോധനയിൽ കണ്ടെത്തി. ഇടതുകണ്ണിന് നന്നായി കാഴ്ചക്കുറവുണ്ട്.
വലതുകൈമുട്ടിൽ കണ്ടെത്തിയ മുറിവിൽ പഴുപ്പുണ്ട്. തുമ്പിക്കൈയിൽ പഴകിയ ഉണങ്ങിയ മുറിവും കണ്ടെത്തി.
ആരോഗ്യനില നിരീക്ഷിക്കുന്നതിനൊപ്പം ആവശ്യമായ ചികിത്സയും തുടർപരിചരണവും നൽകും. മോഴയുടെ ശരീരത്തിലുള്ള പഴയ മുറിവുകളുടെ സ്വഭാവവും ആരോഗ്യനിലയും തുടർപരിശോധനകളിലൂടെ വിലയിരുത്തും.
മുത്തങ്ങയിൽ നിരീക്ഷണത്തിലിരിക്കെ ആരോഗ്യനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും വനംവകുപ്പ് നിരീക്ഷിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

