ചികിത്സാ സഹായത്തിനായി തന്നോട് ചേർന്നുനിന്ന നടൻ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് നടൻ കണ്ണൻ സാഗർ. താൻ നേരിട്ട
ഗുരുതരമായ ആരോഗ്യപ്രതിസന്ധി ഘട്ടത്തിൽ വലിയൊരു ആശ്വാസമായി മാറിയത് ഇവരുടെ ഇടപെടലുകളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
വാഴ 2 സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് തന്റെ ആരോഗ്യനിലയിൽ ഗുരുതരമായ തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ആൻജിയോഗ്രാം പരിശോധനയ്ക്ക് ശേഷം അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും ഇതിനായി ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സാമ്പത്തികമായി പ്രയാസത്തിലായിരുന്ന താൻ ചെറിയ വാഹനം വിറ്റ് ചികിത്സാ ചെലവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് കണ്ണൻ സാഗർ ഓർക്കുന്നു. തിരഞ്ഞെടുപ്പ് തിരക്കിലായിരുന്ന രമേഷ് പിഷാരടിക്ക് താൻ തന്റെ ബുദ്ധിമുട്ടുകൾ അറിയിച്ച് ഒരു സന്ദേശം അയച്ചിരുന്നു.
അതിന് മറുപടിയായി, ‘ചേട്ടാ ഞാൻ കണ്ടു. തിരിക്കിലായിരുന്നു.
ഇപ്പോഴാണ് മെസേജ് കണ്ടത്. നാളെ രാവിലെ ബാക്കി കാര്യങ്ങൾ സംസാരിക്കാം.
ചേട്ടനെ ഞാൻ വിളിക്കാം. വിഷമിക്കണ്ട’ എന്ന് രാത്രി വൈകി പിഷാരടി മറുപടി നൽകി.
പിന്നീട് പിഷാരടി മമ്മൂട്ടി ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും, തുടർനടപടികൾ വേഗത്തിലാക്കുകയുമായിരുന്നു. തുടർന്ന് രാജഗിരി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾ ഫൗണ്ടേഷൻ ഏറ്റെടുത്തു.
മമ്മൂട്ടിയുടെയും രമേഷ് പിഷാരടിയുടെയും സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ താൻ ഇന്ന് ഈ ലോകത്തുണ്ടാകുമായിരുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം വികാരാധീനനായി. മമ്മൂട്ടിയെ നേരിൽ കാണുക എന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

