കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ യുവതിക്ക് ദാരുണാന്ത്യം. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരിയും കൊല്ലാട
സ്വദേശിനിയുമായ അഞ്ജു മാത്യു (30) ആണ് മരിച്ചത്. സംഭവം നടന്നത് വൈകുന്നേരം നാലു മണിയോടെയാണ്.
വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അഞ്ജു മാത്യുവും ഭർത്താവ് സോനു സെബാസ്റ്റ്യനും. മിന്നലേറ്റ് സോനു സെബാസ്റ്റ്യനും കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും പരിക്കേറ്റു.
പ്രദേശത്തുണ്ടായ കനത്ത മഴയും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി മാറി. അപകടം നടന്ന് ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
അഞ്ജു മാത്യുവിനെയും സോനു സെബാസ്റ്റ്യനെയും കരുവൻചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, അപ്പോഴേക്കും അഞ്ജു മാത്യുവിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

