മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്, കെ കെ മഹേശന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തന്നെ വേട്ടയാടാൻ വിവിധ കോണുകളിൽ നിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ നിയമപരമായ പരിശോധനകളിൽ താൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഐയും സുപ്രീം കോടതിയും ഉൾപ്പെടെയുള്ള ഉന്നതതല അന്വേഷണ ഏജൻസികൾ വിഷയങ്ങൾ പരിശോധിച്ചതാണെന്നും തന്റെ വീടിന്റെ കോമ്പൗണ്ടിൽ പോലും സിബിഐ പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ ശിക്ഷ നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. കഴിഞ്ഞ മുപ്പത് വർഷമായി വി എം സുധീരൻ തന്നെ വേട്ടയാടുകയാണെന്നും, എന്നാൽ നിലവിൽ രാഷ്ട്രീയമായി യാതൊരു സ്വാധീനവുമില്ലാത്ത ‘ഓടാത്ത വണ്ടിയാണ്’ അദ്ദേഹമെന്നും അദ്ദേഹം പരിഹസിച്ചു.
ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മാൻഹോളിൽ വീണ് മരണപ്പെട്ട
സംഭവത്തിൽ നഷ്ടപരിഹാരം നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. സമാന സാഹചര്യത്തിൽ മറ്റ് മതവിഭാഗത്തിൽപ്പെട്ടവർക്ക് നീതി ലഭിക്കാത്തതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ ജാതിവാദിയായി ചിത്രീകരിക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ കെ മഹേശൻ അന്തരിച്ച സംഭവത്തിലും അദ്ദേഹം പ്രതികരണം നടത്തി. തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, താനൊരു ‘ഒറ്റയാൾ പട്ടാളമാണെന്ന്’ കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി വ്യക്തിപരമായ നേട്ടമല്ലെന്നും, അത് എസ്എൻഡിപി എന്ന പ്രസ്ഥാനത്തിനുള്ള അംഗീകാരമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തനിക്ക് 90 വയസ്സ് തികയാനിരിക്കുകയാണെന്നും ഇനിയും ജനവിധി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

