ജൂൺ 22 എന്ന തീയതി തറയിൽ ചന്ദ്രശേഖരന്റെ ഓർമകളിൽ ഇന്നും ഒരു തീരാനോവാണ്. കാൽനൂറ്റാണ്ട് മുൻപൊരു ജൂൺ 22ന്, കടലുണ്ടി പുഴയ്ക്ക് സമീപം ഒരു വിവാഹ ആവശ്യത്തിനായി പന്തലൊരുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
പെട്ടെന്നുണ്ടായ ഭീകരമായ ശബ്ദം കേട്ടാണ് ചന്ദ്രശേഖരനും സുഹൃത്തുക്കളും അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തിയത്. ഫോറസ്റ്റ് വാച്ചറായി ജോലി ചെയ്തിരുന്ന ചന്ദ്രശേഖരൻ രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയവരിൽ ഒരാളായിരുന്നു.
പാലത്തിന് മുകളിൽ നിന്ന് ഉയർന്നുവന്ന പുകയും പൊടിയും കണ്ടപ്പോൾ തന്നെ അതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. “ട്രെയിനിന്റെ വലിയ ബോഗികൾ പുഴയിലേക്ക് മറിഞ്ഞു കിടക്കുന്നു.
ആ കാഴ്ച ഇപ്പോഴും കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല,” അദ്ദേഹം ആ ദിനം ഓർത്തെടുത്തു. ഔദ്യോഗിക രക്ഷാസംഘങ്ങൾ എത്തുന്നതിന് മുൻപേ തന്നെ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി പുഴയിലിറങ്ങിയിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ചന്ദ്രശേഖരന്റെ കൈകളിലേക്ക് ആദ്യം എത്തിയത് പത്തു വയസ്സുള്ള ഒരു കുട്ടിയായിരുന്നു. ശരീരമാകെ തണുത്തുവിറച്ച് അവശനിലയിലായിരുന്ന കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
ആ കുട്ടിയുടെ മുഖം കാൽനൂറ്റാണ്ടിന് ശേഷവും മായാത്ത ചിത്രമായി അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇന്നും അപകടത്തിൽ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും വർഷം തോറും കടലുണ്ടിയിൽ ഒത്തുചേരുമ്പോൾ താൻ രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അദ്ദേഹം തിരയാറുണ്ട്.
ഓർക്കുമ്പോൾ ഇന്നും നൊമ്പരപ്പെടുത്തുന്ന മറ്റൊരു അനുഭവം കൂടി അദ്ദേഹം പങ്കുവെക്കുന്നു. തകർന്ന ബോഗിക്കുള്ളിൽ കുടുങ്ങിയ ഒരമ്മയെ രക്ഷപ്പെടുത്താൻ ശ്രമിച്ച നിമിഷം.
മറ്റുള്ളവരുടെ സഹായത്തോടെ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചന്ദ്രശേഖരന് സാധിച്ചു. അപ്പോൾ ആ അമ്മ താൻ സൂക്ഷിച്ചിരുന്ന പണമടങ്ങിയ സഞ്ചി അദ്ദേഹത്തിന് നൽകാൻ ശ്രമിച്ചു.
ആ സന്ദർഭത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: “അമ്മേ, നിങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇങ്ങോട്ട് ഓടിവന്നത്, അല്ലാതെ ഇതിനല്ല…” എന്ന് പറഞ്ഞ് താൻ അത് സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ആ അമ്മയുടെ മുഖവും, രക്ഷാപ്രവർത്തനത്തിന്റെ വേദന നിറഞ്ഞ ഓർമകളും കാൽനൂറ്റാണ്ടിന് ശേഷവും ചന്ദ്രശേഖരന്റെ മനസ്സിനെ ഇപ്പോഴും വേട്ടയാടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

