ഇന്ത്യയുടെ സ്വർണ്ണ ഉൽപ്പാദന ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങുകയാണ് ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ആദ്യത്തെ സ്വർണ്ണഖനിയായ ജൊന്നഗിരി പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ പ്രദേശത്ത് മാത്രം ഏകദേശം 50 ടൺ അഥവാ 50,000 കിലോഗ്രാം സ്വർണ്ണശേഖരം ഉണ്ടെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തെ സ്വർണ്ണ ഖനന പദ്ധതികളെക്കുറിച്ച് ആന്ധ്ര പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണ വിശദീകരിച്ചത് ഇപ്രകാരമാണ്: “ഈ പ്രദേശത്തു മാത്രം 50 ടൺ (50,000 കിലോ ഗ്രാം) സ്വർണശേഖരം ഉണ്ടെന്നാണു കണക്കാക്കുന്നത്.” ജൊന്നഗിരിക്ക് പുറമെ രാമഗിരി, ജവ്വക്കുള, ചിഗുരുകുന്ത എന്നീ മേഖലകളിലും സ്വർണ്ണ നിക്ഷേപം സ്ഥിരീകരിച്ചിട്ടുണ്ട്.
വരുന്ന വർഷങ്ങളിൽ രാജ്യത്തെ മുൻനിര സ്വർണ്ണ ഉൽപ്പാദക സംസ്ഥാനമായി മാറാൻ ആന്ധ്രയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ജൊന്നഗിരിയിൽ സർക്കാർ 1500 ഏക്കർ ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്.
നിലവിൽ ഇതിൽ 500 ഏക്കറിലാണ് ഖനനം നടക്കുന്നത്. ഇവിടെ 13 ടൺ സ്വർണ്ണശേഖരം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ബാക്കിയുള്ള 1000 ഏക്കറിലും കൂടി ഖനനം വ്യാപിപ്പിക്കുന്നതോടെ മൊത്തം ശേഖരം 50 ടണ്ണായി ഉയരും. ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
സ്വർണ്ണ ഖനനം വലിയ സാങ്കേതികവിദ്യയും മുതൽമുടക്കും ആവശ്യമുള്ള മേഖലയായതിനാലാണ് സ്വകാര്യ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയതെന്ന് മുകേഷ് കുമാർ മീണ വ്യക്തമാക്കി. രാജ്യത്തെ വാർഷിക സ്വർണ്ണ ഇറക്കുമതി 800 ടണ്ണാണ്.
രൂപയുടെ മൂല്യത്തർച്ചയും സ്വർണ്ണവിലയിലെ വർദ്ധനവും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് വലിയ ആശ്വാസമാകും. ചരിത്രപരമായി നോക്കിയാൽ, 1970-80 കാലഘട്ടത്തിൽ ലോകത്തെ പ്രധാന സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.
അന്നത്തെ ഉൽപ്പാദന ശേഷി പ്രതിവർഷം 5 ടൺ ആയിരുന്നു. എന്നാൽ പര്യവേഷണങ്ങളിലെ കുറവും നിയമതടസ്സങ്ങളും കാരണം ഈ മേഖല പിന്നിലായി.
നിലവിൽ കർണ്ണാടകയിലെ ഹട്ടി സ്വർണ്ണ ഖനി മാത്രമാണ് ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്നത്. 1947-ൽ ആരംഭിച്ച ഈ ഖനിയിൽ നിന്നും പ്രതിവർഷം 1.5 ടൺ സ്വർണ്ണം ലഭിക്കുന്നു.
പിൽക്കാലത്ത് കോലാർ ഗോൾഡ് ഫീൽഡ്സ് (കെജിഎഫ്) പ്രവർത്തനം നിർത്തിയത് ഇന്ത്യയുടെ ഉൽപ്പാദനത്തിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. ആ കുറവ് പരിഹരിക്കാനും സ്വകാര്യ പങ്കാളിത്തത്തോടെ ഖനന മേഖലയെ പുനരുജ്ജീവിപ്പിക്കാനുമാണ് സർക്കാരിന്റെ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

