ചൈനയിലെ ഓഫീസിൽ വെച്ച് 39-കാരനായ പ്രോഗ്രാമർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഔദ്യോഗിക നിലപാടിനെച്ചൊല്ലി വലിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഷിങ് എന്ന് പേരുള്ള എൻജിനീയറെയാണ് ഓഫീസിന്റെ രണ്ടാം നിലയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി ചെയ്യുന്നതിനിടെ സംഭവിച്ച മരണമായി ഇത് പരിഗണിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഷെൻഷെൻ ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ബ്യൂറോ ഈ അപേക്ഷ ഔദ്യോഗികമായി തള്ളിക്കളയുകയായിരുന്നു. ഓഫീസിലെത്തിയ ശേഷം രണ്ടാം നിലയിലെ ശുചിമുറിയിലേക്കുള്ള വഴി ചോദിച്ചാണ് ഇദ്ദേഹം പോയത്.
ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് സിപിആർ അടക്കമുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് അധികൃതർ വ്യക്തമാക്കുന്നത് ഷിങ് തന്റെ വർക്ക്സ്റ്റേഷനിലെത്തുകയോ കമ്പ്യൂട്ടർ ഓൺ ചെയ്യുകയോ ചെയ്തിരുന്നില്ലെന്നാണ്.
അതിനാൽ അദ്ദേഹം ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്നും, അതിനാൽ ‘ജോലിക്കിടെ’ സംഭവിച്ച മരണമായി ഇത് കണക്കാക്കാനാകില്ലെന്നുമാണ് ബ്യൂറോയുടെ നിലപാട്. എങ്കിലും ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധവുമായി യുവാവിന്റെ ഭാര്യ രംഗത്തുവന്നു.
ഭരണപരമായ പുനഃപരിശോധന ആവശ്യപ്പെട്ട് അവർ അപേക്ഷ നൽകിയിട്ടുണ്ട്. കമ്പനിയിലെ നാല് വർഷത്തെ സേവനത്തിനിടയിൽ തന്റെ ഭർത്താവ് രാത്രി ഒൻപത് മണിക്ക് ശേഷവും ജോലി ചെയ്തിരുന്നുവെന്നും, ഒരിക്കൽ പുലർച്ചെ രണ്ടുമണിവരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ജോലി സംബന്ധമായ മരണമാണെങ്കിൽ കുടുംബത്തിന് സംസ്കാരച്ചെലവും ആശ്രിതർക്കുള്ള ആനുകൂല്യങ്ങളും ഒറ്റത്തവണ നഷ്ടപരിഹാരവും ലഭിക്കേണ്ടതാണ്. കമ്പനി കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിലും, എത്ര തുകയാണ് കൈമാറിയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ സംഭവം വലിയ ചർച്ചകൾക്കും രൂക്ഷ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഓഫീസിലെ ശുചിമുറി ജോലിസ്ഥലത്തിന്റെ ഭാഗമായാണ് പരിഗണിക്കേണ്ടതെന്നും, ശുചിമുറി ഉപയോഗിക്കുന്നത് സ്വാഭാവികവും അനിവാര്യവുമായ ശാരീരിക ആവശ്യമാണെന്നുമാണ് പ്രമുഖ ചൈനീസ് അഭിഭാഷകനായ ഷാങ് ജിയാൻ ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

