സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ പരിഗണനകളെയും പ്രഖ്യാപനങ്ങളെയും സംവിധായകൻ എംഎ നിഷാദ് സ്വാഗതം ചെയ്തു. സിനിമയെ വ്യവസായമായി അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ദീർഘകാലമായി സിനിമാ പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യമാണെന്നും, മാറി മാറി വന്ന സർക്കാരുകളുടെ ഭരണപരമായ കാലതാമസത്തിൽ കുടുങ്ങിക്കിടന്ന ഫയലാണ് ഇപ്പോൾ തീർപ്പാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് എംഎ നിഷാദ് കുറിച്ചത് ഇങ്ങനെ: “വി ഡി സതീശൻ സർക്കാറിന്റ്റെ ആദ്യ ബഡ്ജറ്റിൽ സിനിമയേ നല്ല രീതിയിൽ പരിഗണിക്കുകയും, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുകയും ചെയ്തു.അഭിനന്ദനങ്ങൾ !!! ദീർഘകാലമായി ഈ ഒരാവശ്യം ഓരോ സിനിമാ പ്രവർത്തകന്റ്റേയും ആഗ്രഹമായിരുന്നു.
മാറി മാറി വന്ന സർക്കാറുകളുടെ ചുവപ്പ് നാടയിൽ കുരുങ്ങി അട്ടപ്പുറത്ത് വെച്ചിരുന്ന ഒരു ഫയൽ പുതിയ സർക്കാർ പൊടി തട്ടിയെടുത്ത് ഒരു പുതിയ കാൽ വെപ്പ് നടത്തിയിരിക്കുകയാണ്. ബഡ്ജറ്റിലെ,ഈ നിർദ്ദേശങ്ങൾ, അക്കൗണ്ടബിളുമാണ്..മറിച്ചുളള വാദങ്ങൾ flimsy ആണ് താനും..എന്നിരുന്നാലും സിനിമ എന്ന മാധ്യമത്തെ വ്യവസായമായി പ്രഖ്യാപിക്കുമ്പോൾ ചെറുതല്ലാത്ത വൈതരിണികളുണ്ടാകാം.
അതൊക്കെ തരണം ചെയ്യാൻ സർക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിലെ നല്ലൊരു പങ്ക് വഹിക്കുന്നത് സിനിമയിൽ നിന്നാണെന്ന കാര്യം സാന്ദർഭികമായി സൂചിപ്പിക്കട്ടെ..പക്ഷെ പലപ്പോഴും ഈ മേഘലയേഅവഗണിക്കാറാണ് പതിവ്..അതിനൊരു മാറ്റമുണ്ടാകട്ടെ..” സിനിമ വ്യവസായമായി മാറുന്നത് വഴി തൊഴിൽ സുരക്ഷയും സുതാര്യതയും വർധിക്കുമെന്നും, നിർമ്മാതാക്കൾക്ക് ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയിൽ ചിത്ര നഗരം സ്ഥാപിക്കാനുള്ള ആശയത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ, തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനവും ഉറപ്പാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (IFFK) സ്ഥിരം വേദി വേണമെന്ന ബജറ്റ് നിർദ്ദേശത്തെയും അദ്ദേഹം പ്രശംസിച്ചു.
സലിം കുമാറിന്റെ സ്മാരകത്തെക്കുറിച്ചുള്ള പരാമർശത്തിൽ അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശം ശ്രദ്ധേയമാണ്: “സർക്കാറിനോടൊരപേക്ഷ. സ്മാരകമെന്ന പേരിൽ ഒരു കോടി മുടക്കി പക്ഷികൾ കാഷ്ഠിക്കുന്ന പ്രതിമയുണ്ടാക്കി ആ കലാകാരനെ അപമാനിക്കരുത്.
അദ്ദേഹത്തിന്റ്റെ സ്മാരകം അനശ്വരമായിരിക്കണം. സലീം കുമാറിന്റ്റെ പേരിലൊരു ഫിലിം ലൈബ്രറിയോ,അവശ കലാകാരന്മാർക്കുളള ക്ഷേമനിധിയോ,പാവപ്പെട്ട
വൃക്കരോഗികൾക്ക് വേണ്ടി ഒരു ഡയാലിസിസ് സെന്റ്ററോ അങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു സ്മാരകം അതാണ് സർക്കാർ സലീമിന് കൊടുക്കേണ്ട മരണാനന്തര ബഹുമതി.” കൂടാതെ, നടൻ പ്രേം നസീറിന്റെ സ്മരണ നിലനിർത്താൻ ചിത്രാഞ്ജലിയിലെ ഡിഐ (DI) സ്യൂട്ടിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന മുൻ ഭരണസമിതിയുടെ നിർദ്ദേശവും എംഎ നിഷാദ് വീണ്ടും ഓർമ്മിപ്പിച്ചു.
ബജറ്റ് നിർദ്ദേശങ്ങൾ ആത്മാർത്ഥതയോടെ നടപ്പിലാക്കുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

