സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് ബാറ്ററി ശേഷിയുടെ കാര്യത്തിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങി പ്രമുഖ ബ്രാൻഡായ സാംസങ്. വരാനിരിക്കുന്ന ഗാലക്സി എസ്27 അൾട്രാ (Galaxy S27 Ultra) മോഡലിൽ 7,000mAh ബാറ്ററിയുടെ പ്രോട്ടോടൈപ്പ് കമ്പനി പരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
എക്സ് (X) പ്ലാറ്റ്ഫോമിലെ ഉപയോക്താവായ ക്രോ (Kro) നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രമുഖ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 2016-ലെ ബാറ്ററി ദുരന്തത്തിന് ശേഷം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കൺസർവേറ്റീവ് സമീപനമാണ് സാംസങ് ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഇതുവരെ പുലർത്തിയിരുന്നത്.
എന്നാൽ നിലവിൽ സിലിക്കൺ-കാർബൺ ആനോഡ് ബാറ്ററി സാങ്കേതികവിദ്യകളിലേക്ക് കമ്പനി ചുവടുമാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, എസ് പെൻ (S Pen) പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് കൂടുതൽ വലിയ ബാറ്ററി ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് ഗാലക്സി എസ്27 അൾട്രായുടെ നിർമ്മാണവേളയിൽ കമ്പനി പരിശോധിച്ചത്.
എങ്കിലും, വിപണിയിലെത്തുന്ന അന്തിമ പതിപ്പിൽ ഈ വലിയ ബാറ്ററി ഉണ്ടാകാനിടയില്ലെന്നാണ് സൂചന. 5,700mAh അല്ലെങ്കിൽ 6,000mAh ശേഷിയുള്ള ബാറ്ററിയാകും ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉൾപ്പെടുത്താൻ സാധ്യതയെന്ന് ക്രോ (Kro) വ്യക്തമാക്കുന്നു.
എസ്20 അൾട്രാ മോഡൽ മുതൽ 5,000mAh ബാറ്ററിയാണ് സാംസങ് തങ്ങളുടെ പ്രധാന ഫോണുകളിൽ നിലനിർത്തിയിരുന്നത്. ഒപ്പോ, ഷാവോമി, വിവോ തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഉയർന്ന ബാറ്ററി ശേഷിയും അതിവേഗ ചാർജിംഗും വിപണിയിലെത്തിക്കുമ്പോഴാണ് സാംസങ്ങിന്റെ ഈ പുതിയ നീക്കം.
ബാറ്ററി മാറ്റങ്ങൾക്ക് പുറമെ, ഫോണിന്റെ രൂപകൽപ്പനയിലും (Design) കാര്യമായ മാറ്റങ്ങൾ വരുത്താൻ കമ്പനി ആലോചിക്കുന്നുണ്ട്. പതിവ് ക്യാമറ ഘടനയിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ഡിസൈൻ ശൈലിയാകും ഇതിൽ പരീക്ഷിക്കുക.
സാധാരണയായി ജനുവരി മാസത്തിലാണ് സാംസങ് തങ്ങളുടെ ഗാലക്സി എസ് സീരീസ് ഡിവൈസുകൾ ഔദ്യോഗികമായി പുറത്തിറക്കാറുള്ളത്. അതിനാൽ തന്നെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

