ഇന്ത്യൻ തെരുവ് ഭക്ഷണ സംസ്കാരത്തിൽ ഏറെ പ്രിയപ്പെട്ട വിഭവമാണ് സമോസ.
ചായക്കൊപ്പം ചൂടോടെ കഴിക്കാൻ പലരും ഇഷ്ടപ്പെടുന്ന ഈ പലഹാരം ഇപ്പോൾ വലിയൊരു വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. സമോസയ്ക്ക് മുകളിൽ ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പുരട്ടുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ആശങ്ക പടർത്തുന്നത്.
ജൂൺ 20, 2026-ന് എക്സ് പ്ലാറ്റ്ഫോമിലൂടെ പുഷ്പരാജ് ശർമ്മ എന്ന ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഒരു പാത്രത്തിൽ നിരത്തിവെച്ചിരിക്കുന്ന സമോസകൾക്ക് മുകളിൽ യുവാവ് ബ്രഷ് കൊണ്ട് എന്തോ ദ്രാവകം പുരട്ടുന്നതാണ് വീഡിയോയിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് കൃത്രിമ നിറമോ രാസവസ്തുക്കളോ ആണെന്നാരോപിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. “സമ്മൂസയ്ക്ക് പെയിന്റ് അടിക്കുന്നോ?” എന്ന തരത്തിലുള്ള സംശയങ്ങളാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്.
എങ്കിലും, വീഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഒരു വിഭാഗം ആളുകൾ അവകാശപ്പെടുന്നത് ഇത് പെയിന്റല്ല, മറിച്ച് സമോസ ചാറ്റ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന മധുരമുള്ള ചട്ണിയോ (Meethi Chutney) തക്കാളി സോസോ ആണെന്നാണ്.
വീഡിയോയുടെ എഡിറ്റിംഗിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇവർ വാദിക്കുന്നു. എന്നാൽ, വിപണിയിലെ പലഹാരങ്ങളിൽ ആകർഷകമായ നിറം ലഭിക്കാൻ വ്യാപാരികൾ മായം കലർത്താറുണ്ടെന്ന ആരോപണം ശക്തമാണ്.
ഇത്തരം കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്നും, അതിനാൽ ഹോട്ടലുകളിലും തട്ടുകടകളിലും കർശനമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ അനിവാര്യമാണെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു. “സമൂസയ്ക്ക് നിറം നൽകുകയാണ്, സമോസ ശുദ്ധമാണെന്ന് കരുതിയ എനിക്ക് തെറ്റി, എല്ലായിടത്തും മായം മാത്രം” എന്നായിരുന്നു വീഡിയോയിലെ ദൃശ്യങ്ങളെക്കുറിച്ച് ഒരാൾ പ്രതികരിച്ചത്.
ഈ വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്നോ ഇതിന്റെ ആധികാരികത എന്താണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

