തൃപ്രയാർ കിഴക്കേനടയിൽ പൈനൂർ ക്ഷേത്രത്തിനു സമീപം കാർ യാത്രക്കാരെ ആക്രമിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. നേരത്തെ സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
വയനാട്ടിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് എട്ടംഗ സംഘം കാർ തടഞ്ഞുനിർത്തി പണം കവർന്നത്.
കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച കാർ ഇന്നലെ പൂക്കോട്ടൂർ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശിയുടേതാണ് ഈ വാടക കാർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിളയൂർ പഞ്ചായത്ത് അംഗം മുഹമ്മദ് റാഫി ഉൾപ്പെടെയുള്ള പാലക്കാട് സ്വദേശികളാണ് അക്രമത്തിനിരയായത്. ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ഇവരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഈ സംഘത്തിന് കുഴൽപണ ഇടപാടുകളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പണം കൈക്കലാക്കിയ ശേഷം കാറിന്റെ ചില്ല് തകർക്കുകയും, ഇരകളുടെ നേർക്ക് മുളകുപൊടി വിതറി അക്രമിസംഘം രക്ഷപ്പെടുകയുമായിരുന്നു.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ തുടർനടപടികൾ സ്വീകരിച്ചുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

