സംസ്ഥാനത്തെ ചരക്കുഗതാഗത രംഗത്ത് സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആവിഷ്കരിച്ച മിഷൻ സമുദ്ര പദ്ധതി നിർണ്ണായക ഘട്ടത്തിലേക്ക്. റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനത്തോളം സമുദ്ര – ഉൾനാടൻ ജലപാതകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
ഈ മാറ്റം യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ വലിയ കുറവ് വരികയും, അത് കാർഷിക, സുഗന്ധവ്യഞ്ജന, വ്യാവസായിക ഉൽപന്നങ്ങളുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. കേരളത്തിലും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആഗോള വിപണിയിൽ എത്താൻ സാധിക്കുന്നത് വഴി അന്താരാഷ്ട്ര തലത്തിൽ വലിയ മത്സരക്ഷമത കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ, റോഡുകളിലെ വൻകിട കണ്ടെയ്നർ ലോറികളുടെ എണ്ണം കുറയുന്നത് ഗതാഗത തടസ്സങ്ങൾക്കും റോഡ് അപകടങ്ങൾക്കും വലിയൊരു പരിഹാരമാകും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകൾ, ആധുനിക വെയർഹൗസുകൾ, ഡ്രൈപോർട്ടുകൾ എന്നിവ സ്ഥാപിക്കുന്നത് ലോജിസ്റ്റിക്സ് രംഗത്ത് സംസ്ഥാനത്തിന് വലിയ കുതിപ്പേകും.
വിഴിഞ്ഞത്ത് ഗ്രീൻ ബങ്കറിങ് ആഗോള ഷിപ്പിങ് മേഖലയിലെ മാറ്റങ്ങൾ മുൻനിർത്തി, രാജ്യത്തെ ആദ്യത്തെ ‘ഗ്രീൻ ബങ്കറിങ്’ (ഹരിത ഇന്ധന വിതരണം) സൗകര്യമുള്ള തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാൻ പദ്ധതി ലക്ഷ്യമിടുന്നു. നിലവിൽ ഭൂരിഭാഗം കപ്പലുകളും കാർബൺ ബഹിർഗമനം കൂടുതലുള്ള ഹെവി ഫ്യുവൽ ഓയിലാണ് ഉപയോഗിക്കുന്നത്.
എന്നാൽ, ആഗോളതാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കാർബൺ പുറന്തള്ളൽ നിയന്ത്രിക്കണമെന്ന ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശം ഇതിനകം നിലവിൽ വന്നു കഴിഞ്ഞു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, ബയോഫ്യൂവൽ, എൽഎൻജി തുടങ്ങിയ ഹരിത ഇന്ധനങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നത്.
അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന്, ഭാവിയിൽ ഹരിത ഇന്ധനം തേടിയെത്തുന്ന മദർ ഷിപ്പുകളെ ആകർഷിക്കാൻ സാധിക്കും. ഇത് വിദേശനാണ്യം വർദ്ധിപ്പിക്കുക മാത്രമല്ല, ഹരിത ഇന്ധന ഉൽപ്പാദനത്തിനായി വലിയ പ്ലാന്റുകളും അനുബന്ധ സംവിധാനങ്ങളും സംസ്ഥാനത്ത് സജ്ജമാക്കുന്നതിനും വഴിയൊരുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

