കോട്ടയം നഗരസഭയുടെ വിവിധ വാർഡുകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി വിതരണം ചെയ്യുന്ന ജല അതോറിറ്റി പൈപ്പ് വെള്ളം അതീവ മലിനമെന്ന് പരാതി. ഉപയോഗിക്കാൻ സാധിക്കാത്ത വിധം കലക്കവെള്ളവും രൂക്ഷമായ ദുർഗന്ധവുമാണ് വെള്ളത്തിനുള്ളത്.
ഇതേതുടർന്ന് ഈ വെള്ളം ഉപയോഗിച്ച് കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും പനിയും അനുഭവപ്പെട്ടതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. നഗരസഭയിലെ 32 വാർഡുകളിലെ ജനങ്ങളാണ് സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നത്.
പടിഞ്ഞാറൻ മേഖലകളിൽ പൂർണ്ണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതം ഇതോടെ സ്തംഭിച്ചു. പേരൂർ പമ്പ് ഹൗസിലെ കാലപ്പഴക്കം ചെന്ന സംവിധാനങ്ങളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള തുരുമ്പെടുത്ത മോട്ടറുകൾ ഉപയോഗിച്ചാണ് ഇപ്പോഴും പമ്പിങ് നടക്കുന്നത്. ആകെയുള്ള നാല് മോട്ടറുകളിൽ മൂന്നെണ്ണവും ഇടയ്ക്കിടെ തകരാറിലാകുന്നത് ജലവിതരണത്തെ ദോഷകരമായി ബാധിക്കുന്നു.
മീനച്ചിലാറിൽ നിന്ന് പേരൂരിലെ കിണറ്റിലേക്ക് വെള്ളമെത്തിക്കുന്ന സംവിധാനത്തിലെ അപാകതകൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലിന്യം തടയാൻ സ്ഥാപിച്ചിട്ടുള്ള ഇരുമ്പുവലകൾ ദ്രവിച്ചതോടെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ 50 അടി താഴ്ചയുള്ള സംഭരണിയിലേക്ക് എത്തുകയാണ്.
ഇത് മോട്ടറുകൾ കേടാകുന്നതിനും കാരണമാകുന്നു. ശുദ്ധീകരണശാലയുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണെന്ന് ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു.
ലക്ഷങ്ങൾ മുടക്കി പുതിയ പമ്പ് ഹൗസ് നിർമ്മിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ പണി മാത്രമാണ് പൂർത്തിയായത്. വയറിംഗും വൈദ്യുതി കണക്ഷനും ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ മുടങ്ങിയിരിക്കുകയാണ്.
നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രൊജക്ട് ഡിവിഷനിൽ നിന്നും മെയ്ന്റനൻസ് വിഭാഗം പുതിയ പമ്പ് ഹൗസ് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. അതേസമയം, മീനച്ചിലാറ്റിലെ വെള്ളം കലങ്ങി മറിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
മഴക്കാലമായതിനാൽ പുഴയിലെ വെള്ളം കൂടുതൽ മലിനമാണെന്നും, ശുദ്ധീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. പഴയ പമ്പിങ് സ്റ്റേഷന്റെ പരിമിതികൾ മൂലം കുറഞ്ഞ അളവിൽ മാത്രമേ വെള്ളം വിതരണം ചെയ്യാൻ സാധിക്കുന്നുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

