ഓണക്കാലത്ത് ജനങ്ങൾക്ക് പൂർണ്ണമായും സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരിശോധനകൾ ഊർജിതമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ജൂലൈ 27 മുതൽ നിലവിൽ വന്ന പ്രത്യേക ഓണം സ്ക്വാഡിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധനകൾ പുരോഗമിക്കുന്നത്. ഇതുവരെയായി സംസ്ഥാനത്താകെ 5016 പരിശോധനകളാണ് വകുപ്പ് പൂർത്തിയാക്കിയിട്ടുള്ളത്.
പരിശോധനകളുടെ ഭാഗമായി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 390 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള ശുപാർശ നോട്ടീസും നൽകിയിട്ടുണ്ട്.
ഗുണനിലവാരം പരിശോധിക്കുന്നതിനായി ആകെ 623 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സർവേലൻസ് സാമ്പിളുകളുമാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്. ഓണക്കാലത്ത് വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക മുൻഗണനയാണ് നൽകിവരുന്നത്.
ലേബലിലെ വിവരങ്ങൾ, ഉൽപ്പാദന-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം എന്നിവ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കുന്നുണ്ട്. ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവടങ്ങളിലും പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.
ഭക്ഷണം പാചകം ചെയ്യുന്നത് മുതൽ പാക്ക് ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള ശുചിത്വം, താപനില നിയന്ത്രണം, ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളുടെ ഉപയോഗം എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കും.
ഇവിടെ സൂക്ഷിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യങ്ങൾ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം എന്നിവയും പ്രത്യേകമായി പരിശോധിക്കും. ഈറ്റ് റൈറ്റ് കേരളം – സേഫ് ഓണം (Eat Right keralam – safe onam) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഹോട്ടൽ, കാറ്ററിംഗ് സ്ഥാപന ഉടമകൾ, ബേക്കറി ഉടമകൾ, മറ്റ് ഭക്ഷ്യ സംരംഭകർ എന്നിവർക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഇവർക്ക് മുൻകൂട്ടി പരിശീലനം നൽകിയിരുന്നു.
ഓണക്കാലത്ത് പൊതുജനങ്ങൾക്കായി സുരക്ഷിതവും നിലവാരമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും കർശന എൻഫോഴ്സ്മെന്റ് നടപടികളും തുടരുമെന്ന് മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

