രാജ്യത്തെ നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, നിശ്ചയിച്ചിരുന്ന പുനഃപരീക്ഷ ഇന്ന് നടക്കും.
രാജ്യത്തൊട്ടാകെ ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷാ സമയം.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയായതായി ദേശീയ പരീക്ഷ ഏജൻസി (NTA) അറിയിച്ചു.
ഇത്തവണത്തെ പരീക്ഷാ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി മൊത്തം 5440 പരീക്ഷാ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
സുരക്ഷാ ചുമതലയ്ക്കായി 2.5 ലക്ഷം പോലീസ് ഉദ്യോഗസ്ഥരെയും 15,000 അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല പൂർണമായും അർധ സൈനിക വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്.
കൂടാതെ, പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമായി 1.5 ലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ എൻടിഎ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഹൈ-ലെവൽ മോണിറ്ററിങ് സെന്ററും പ്രവർത്തനസജ്ജമാണ്. 674 സിറ്റി കോർഡിനേറ്റർമാരും 6,669 നിരീക്ഷകരും പരീക്ഷാ മേൽനോട്ടത്തിനായി രംഗത്തുണ്ടാകും.
ചോദ്യപേപ്പറുകൾ അതീവ സുരക്ഷാ സംവിധാനങ്ങളോടെ വ്യോമസേനയുടെ വിമാനങ്ങളിലാണ് എത്തിച്ചത്. പരീക്ഷാർത്ഥികൾക്കായി ദേശീയ പരീക്ഷ ഏജൻസി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും കൈവശം വെക്കണം. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാ ഹാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഹാളിൽ പ്രവേശനം ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരീക്ഷാ ഹാളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

