ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ സ്വീഡനെതിരെ നെതർലൻഡ്സിന് ഗംഭീര വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട
സ്വീഡനെ പരാജയപ്പെടുത്തിയത്. ബ്രയാൻ ബ്രോബി, കോഡി ഗാക്പോ എന്നിവരുടെ ഇരട്ടഗോളുകളും ക്രിസെൻസിയോ സമ്മർവില്ലിയുടെ വക ഒരു ഗോളുമാണ് നെതർലൻഡ്സിന് വമ്പൻ വിജയം സമ്മാനിച്ചത്.
സ്വീഡന്റെ ആശ്വാസ ഗോൾ ആന്റിണി എലാംഗ നേടി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ നെതർലൻഡ്സ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു.
കോച്ച് റൊണാൾഡ് കോമാൻ ഒരുക്കിയ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ടീമിനായി. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ കോഡി ഗാക്പോ നൽകിയ പാസ് സ്വീകരിച്ച് ബ്രയാൻ ബ്രോബി ആദ്യ ഗോൾ നേടി.
17-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ അസിസ്റ്റിലൂടെ ബ്രോബി തന്റെ രണ്ടാം ഗോൾ കൂടി കണ്ടെത്തിയതോടെ സ്വീഡൻ പ്രതിരോധത്തിലായി. സ്വീഡിഷ് നിര തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രുഗന്റെ തകർപ്പൻ പ്രകടനങ്ങൾ അവർക്ക് തിരിച്ചടിയായി.
ഗുസ്താഫ് ലാഗർബീൽകെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് സ്വീഡന് നിരാശയായി. രണ്ടാം പകുതിയിൽ കളി നെതർലൻഡ്സിന്റെ നിയന്ത്രണത്തിലായിരുന്നു.
47-ാം മിനിറ്റിലും 54-ാം മിനിറ്റിലും കോഡി ഗാക്പോ ലക്ഷ്യം കണ്ടതോടെ സ്കോർ 4-0 ആയി ഉയർന്നു. ഈ ഗോളുകളോടെ ലോകകപ്പിൽ നെതർലൻഡ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ യോഹാൻ ക്രൈഫിനെ മറികടക്കാൻ ഗാക്പോയ്ക്ക് സാധിച്ചു.
58-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിന്റെ മുന്നേറ്റത്തിൽ നിന്ന് ലഭിച്ച പന്ത് ആന്റണി എലാംഗ ഗോളാക്കി മാറ്റിയെങ്കിലും മത്സരം പൂർണ്ണമായും നെതർലൻഡ്സിന്റെ വരുതിയിലായിരുന്നു. 89-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലി കൂടി ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ 5-1 എന്ന സ്കോറിൽ മത്സരം അവസാനിച്ചു.
ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്സിന്റെ നോക്കൗട്ട് സാധ്യതകൾ കൂടുതൽ സജീവമായി. ടൂണിഷ്യക്കെതിരെയാണ് നെതർലൻഡ്സിന്റെ അടുത്ത മത്സരം.
ജപ്പാനാണ് സ്വീഡന്റെ അടുത്ത എതിരാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

