പൂച്ചാക്കൽ: നിർമ്മാണത്തിലെ അപാകതകളും അധികൃതരുടെ അവഗണനയും കാരണം പെരുമ്പളം പാലം യാത്രക്കാർക്ക് ദുരിതമായി മാറുന്നു. മാർച്ച് 7-ന് ഉദ്ഘാടനം ചെയ്യപ്പെട്ട
പാലത്തിന്റെ ടാറിങ് ജോലികൾ രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
എന്നാൽ, ആദ്യഘട്ട ടാറിങ് പോലും ഇനിയും പൂർത്തിയായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട ടാറിങ് ജോലികൾ പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.
തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി കെൽട്രോണിന് കരാർ നൽകിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, അക്കാര്യത്തിലും തുടർനടപടികൾ ഒരിഞ്ചും മുന്നോട്ട് പോയിട്ടില്ല. പാലത്തിൽ നടക്കുന്ന അനധികൃത പാർക്കിങ്ങും കച്ചവടങ്ങളും പ്രദേശത്ത് വലിയ തോതിൽ മാലിന്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ കായലിലേക്ക് വലിച്ചെറിയുന്നതും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിക്കുന്നതും പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത എറണാകുളം, കോട്ടയം റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ഇപ്പോൾ നിലച്ച അവസ്ഥയിലാണ്.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ വിശദീകരണം. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് പണികൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ അവകാശപ്പെടുന്നു.
നിർമ്മാണ യന്ത്രങ്ങളും മെറ്റൽ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളും പാലത്തിൽ കൂട്ടിയിട്ടിരിക്കുന്നത് രാത്രിയിൽ വലിയ അപകടസാധ്യതയാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

