ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനകരമായ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. രാജ്യത്തെ ടോപ്ഗൺ സ്കൂൾ എന്ന വിശേഷണമുള്ള ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (TACDE) സ്ഥാപനത്തിൽ നിന്നാണ് 33-കാരിയായ ഭാവന കാന്ത് ഈ നേട്ടം കൈവരിച്ചത്.
വ്യോമസേനയിലെ പൈലറ്റുമാരിൽ നൂറിൽ ഒരാളെ മാത്രമാണ് ഈ ഉന്നത പരിശീലനത്തിലേക്ക് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്. ഏകദേശം 20 ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് ഈ കോഴ്സിന്റെ കാഠിന്യമേറിയ പരിശീലന കാലയളവ്.
സങ്കീർണമായ വ്യോമാക്രമണ ദൗത്യങ്ങൾക്കും ഓപ്പറേഷനുകൾക്കും പൈലറ്റുമാരെ പൂർണ്ണ സജ്ജരാക്കുന്ന രീതിയിലാണ് ഈ കഠിനമായ പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, അത്യാധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ചും സങ്കീർണ്ണമായ ആയുധങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് ഇവിടെ ആഴത്തിലുള്ള പരിശീലനം നൽകുന്നു.
ബിഹാറിലെ ധർബംഗ സ്വദേശിനിയായ ഭാവന കാന്ത് ഇന്ത്യയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളാണ്. 2016-ൽ ആവണി ചതുർവേദി, മോഹന സിങ് എന്നിവർക്കൊപ്പമാണ് ഭാവന കാന്തും വ്യോമസേനയുടെ ഭാഗമായത്.
തുടർന്ന് 2017-ൽ ഫൈറ്റർ സ്ക്വാഡ്രണിൽ അംഗമായ അവർ, 2018 മാർച്ചിൽ മിഗ്-21 യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തി ചരിത്രം കുറിച്ചു. പിന്നീട് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ്-30 എംകെഐയിലേക്ക് ചുവടുമാറ്റം നടത്തി.
മികച്ച സേവനങ്ങളെ തുടർന്ന് 2020-ൽ നാരീശക്തി പുരസ്കാരവും ഇവരെ തേടിയെത്തി. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഭാവന കാന്ത്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കാളിയാകുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് എന്ന നേട്ടവും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, 2024-ൽ റിയാദിൽ വെച്ച് നടന്ന വേൾഡ് ഡിഫൻസ് ഷോയിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചും ഭാവന കാന്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

