പൂച്ചാക്കൽ: പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാതെ തുടരുന്ന സാഹചര്യത്തിൽ യാത്രാദുരിതം രൂക്ഷമാകുന്നു. മാർച്ച് 7-ന് ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ ടാറിങ് ഉൾപ്പെടെയുള്ള പ്രധാന ജോലികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ജോലികൾ ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് മാത്രമാണ് ഭാഗികമായി പൂർത്തിയാക്കാൻ സാധിച്ചത്. പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട
ടാറിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴായി.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. നിലവിൽ പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്.
ഇതിനെത്തുടർന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും സമീപത്തെ കായലിലും നിക്ഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതികളുണ്ട്.
പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തെങ്കിലും പിന്നീട് സർവീസ് മുടങ്ങി. പാലത്തിലെ ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് ആരംഭിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണപ്രവൃത്തികൾ നിലയ്ക്കാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം. പാലത്തിന്റെ മധ്യഭാഗത്തായി റോഡ് നിർമാണ യന്ത്രങ്ങളും മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ വാഹനയാത്രക്കാർക്ക് വലിയ അപകട
ഭീഷണിയാണ് ഉയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

