തിരുവനന്തപുരം: നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശിച്ച തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ, നടപടിക്രമങ്ങൾക്ക് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സമീപിക്കുകയും ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അഭിവാദ്യം ചെയ്തതിന് ശേഷമാണ് ടി.കെ.ഗോവിന്ദൻ സഗൗരവം സത്യപ്രതിജ്ഞ നിർവഹിച്ചത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാര്യയ്ക്കൊപ്പമെത്തിയ അദ്ദേഹം കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും, അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു.
പാർട്ടിയിൽ നിന്ന് പുറത്തുപോയി പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് സി.പി.എം നേതാവിന്റെ വസതിയിലെത്തിയത് ശ്രദ്ധേയമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ, തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയ്ക്ക് വഴിവെച്ചത്. ആറു പതിറ്റാണ്ടുകാലം പാർട്ടിയിൽ പ്രവർത്തിച്ച നേതാവ് ഇത്തരത്തിൽ സ്വതന്ത്രനായി രംഗത്തിറങ്ങിയത് സി.പി.എം അണികളിലും നേതൃനിരയിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ നിലനിന്നിരുന്നു. ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
പോളിങ് സ്റ്റേഷനിൽ വോട്ടെടുപ്പിനായി എത്തിയ അദ്ദേഹത്തെ ഒരു സംഘം ആളുകൾ കൂവി വിളിച്ച സംഭവവും ഉണ്ടായി. ടി.കെ.ഗോവിന്ദന്റെ നടപടി അധികാരത്തോടുള്ള വല്ലാത്ത ഭ്രമം മൂലമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചു.
അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിച്ചത്. “ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

