പൂച്ചാക്കൽ: നിർമ്മാണത്തിലെ അനാസ്ഥ മൂലം പെരുമ്പളം പാലം പരിസരം ദുരിതത്തിലാകുന്നു. മാർച്ച് 7-ന് ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ പ്രവൃത്തികൾ രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ വേഗത്തിലാക്കി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് നൽകിയ ഉറപ്പുകൾ പാഴ്വാക്കായിരിക്കുകയാണ്. നിലവിൽ ഭാഗികമായ ആദ്യഘട്ട
ടാറിങ് മാത്രമാണ് നടന്നിട്ടുള്ളത്. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് നടപടികൾ എങ്ങുമെത്തിയിട്ടില്ല. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തിയെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പ്രായോഗികമായ തുടർനടപടികളിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. കരാറുകാരുടെ ഭാഗത്തുനിന്ന് നിർമ്മാണം തടസ്സപ്പെട്ടതിന് കാരണമായി പറയുന്നത് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയെന്നാണ്.
എന്നാൽ, റോഡ് നിർമ്മാണ യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും പാലത്തിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. പാലത്തിന്റെ സുരക്ഷയും പരിപാലനവും വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അനധികൃത പാർക്കിങ്ങും കച്ചവടങ്ങളും ഇവിടെ സജീവമാണ്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും കായലിലും തള്ളുന്നത് പതിവായിരിക്കുകയാണ്.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. അവധി ദിവസങ്ങളിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, വേണ്ടത്ര സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇവിടെയില്ല.
ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും ജനങ്ങൾ കടുത്ത നിരാശയിലാണ്. പെരുമ്പളത്തുനിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്തെങ്കിലും, പിന്നീട് സർവീസുകൾ മുടങ്ങുകയായിരുന്നു.
ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ എന്ന നിലപാടിലാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

