കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ആഭിമുഖ്യത്തിൽ നടക്കുന്ന അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങൾ അരങ്ങേറി. വടക്കൻ മേഖലയിൽ നടന്ന മത്സരങ്ങളിൽ മലപ്പുറവും കണ്ണൂരും ആധികാരിക ജയം സ്വന്തമാക്കിയപ്പോൾ, തെക്കൻ മേഖലയിൽ തിരുവനന്തപുരവും കോട്ടയവും വിജയം കൈവരിച്ചു.
പാലക്കാട് നടന്ന വടക്കൻ മേഖല മത്സരത്തിൽ, കോഴിക്കോടിനെ ഏഴ് വിക്കറ്റിനാണ് മലപ്പുറം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് നിശ്ചിത 30 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് മാത്രമാണ് നേടിയത്.
37 റൺസെടുത്ത നയനിക മാത്രമാണ് കോഴിക്കോട് നിരയിൽ തിളങ്ങിയത്. മലപ്പുറത്തിനായി വൈഗയും ദിവ്യയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മലപ്പുറം അക്ഷയ (34), വൈഗ (33) എന്നിവരുടെ മികവിൽ 11 ഓവറുകൾ ബാക്കിനിൽക്കെ വിജയം സ്വന്തമാക്കി. കോഴിക്കോടിന്റെ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
മറ്റൊരു മത്സരത്തിൽ കാസർഗോഡിനെ ഒൻപത് വിക്കറ്റിന് കണ്ണൂർ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് 28.3 ഓവറിൽ 80 റൺസിന് പുറത്തായി.
നബ ഫാത്തിമ (20), റിതിക (17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കണ്ണൂരിന് വേണ്ടി തീർത്ഥ മൂന്ന് വിക്കറ്റും, അയോന, അരിത, സൗമ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിൽ അനുഷ്കയുടെ (39 നോട്ടൗട്ട്) മികച്ച പ്രകടനത്തിന്റെ ബലത്തിൽ 14.3 ഓവറിൽ കണ്ണൂർ ലക്ഷ്യം കണ്ടു. ആലപ്പുഴയിൽ നടന്ന തെക്കൻ മേഖല മത്സരങ്ങളിൽ കൊല്ലത്തെ എട്ട് വിക്കറ്റിനാണ് തിരുവനന്തപുരം തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ശരണ്യ (26), നന്ദന (20), കെസിയ (21) എന്നിവരാണ് കൊല്ലത്തിന് വേണ്ടി ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചത്. മറുപടിയിൽ നിരഞ്ജന (55), ശിവാനി (53) എന്നിവരുടെ പുറത്താകാത്ത ഇന്നിങ്സുകളും 115 റൺസ് കൂട്ടുകെട്ടും തിരുവനന്തപുരത്തിന് അനായാസ വിജയം സമ്മാനിച്ചു.
പത്തനംതിട്ടയ്ക്കെതിരായ മത്സരത്തിൽ കോട്ടയം 61 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.
ഏഞ്ചൽ (29), ഗോൾഡിന (29), അനന്യ (28) എന്നിവരാണ് സ്കോർ ഉയർത്തിയത്. പത്തനംതിട്ടയെ 98 റൺസിൽ ഒതുക്കിയ കോട്ടയത്തിനായി ജുവൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
പത്തനംതിട്ട നിരയിൽ മയൂഖ (45 നോട്ടൗട്ട്) മാത്രമാണ് പൊരുതിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

