ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കിടെ, ടീമിന്റെ ലേല തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ സിഎസ്കെ താരം സുബ്രഹ്മണ്യം ബദരീനാഥ് രംഗത്ത്. 2025ലെ താരലേലത്തിൽ കെഎൽ രാഹുലിനെ സ്വന്തമാക്കാൻ കാണിച്ച വിമുഖതയും, അൺക്യാപ്പ്ഡ് താരങ്ങൾക്കായി വലിയ തുക ചെലവഴിച്ചതും ടീം മാനേജ്മെന്റിന്റെ വലിയ വീഴ്ചയാണെന്ന് അദ്ദേഹം വിലയിരുത്തി.
താരലേലത്തിൽ കെഎൽ രാഹുലിനായി ഡൽഹി ക്യാപിറ്റൽസുമായി കടുത്ത മത്സരം കാഴ്ചവെച്ച ചെന്നൈ, 13.5 കോടി രൂപ വരെ വില വിളിച്ച ശേഷം പിന്മാറുകയായിരുന്നു. ഒടുവിൽ 14 കോടി രൂപയ്ക്കാണ് ഡൽഹി താരത്തെ സ്വന്തമാക്കിയത്.
ഇതിനു വിപരീതമായി, പരിചയസമ്പത്തില്ലാത്ത കാർത്തിക് ശർമ്മ, പ്രശാന്ത് വീർ എന്നീ യുവതാരങ്ങൾക്കായി 14.20 കോടി രൂപ വീതം, ആകെ 28.40 കോടി രൂപയാണ് സിഎസ്കെ ചെലവഴിച്ചത്. “കാർത്തിക് ശർമ്മയ്ക്കും പ്രശാന്ത് വീറിനും നിങ്ങൾ 14 കോടിയിലധികം രൂപ വീതം നൽകി.
എന്നാൽ മെഗാ ലേലത്തിൽ കെഎൽ രാഹുലിനോട് നിങ്ങൾ എന്താണ് ചെയ്തത്? 13.5 കോടി വരെ നിങ്ങൾ വിലവിളിച്ചു, ഒടുവിൽ 14 കോടിക്ക് ഡൽഹി അവനെ കൊണ്ടുപോയി. ഒരു 50 ലക്ഷം കൂടി മുടക്കിയിരുന്നെങ്കിൽ കെഎൽ രാഹുൽ ചെന്നൈയിൽ എത്തുമായിരുന്നു.
കെഎൽ രാഹുലിന് വേണ്ടി 14-ഓ 15-ഓ കോടി മുടക്കാൻ മടിക്കുന്നവർ, മിനി ലേലത്തിൽ ഒരു അൺക്യാപ്പ്ഡ് യുവതാരത്തിന് അതേ വില നൽകുന്നു. ഇതാണോ ചെന്നൈ പറയുന്ന ആ ‘പ്രോസസ്സ്’?” എന്ന് ബദരീനാഥ് ചോദിച്ചു.
കെഎൽ രാഹുലിന്റെ സാന്നിധ്യം ടീമിന് കൂടുതൽ മുതൽക്കൂട്ടാകുമായിരുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങളെ ടീമിലെത്തിക്കാൻ ഭീമമായ തുക ചെലവാക്കേണ്ട
സാഹചര്യം ഇതിലൂടെ ഒഴിവാക്കാമായിരുന്നു എന്നും ചൂണ്ടിക്കാട്ടി. 158 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 46-ലധികം ശരാശരിയിലും 139 സ്ട്രൈക്ക് റേറ്റിലും 5,755 റൺസ് നേടിയിട്ടുള്ള ലീഗിലെ മികച്ച ബാറ്റർമാരിലൊരാളാണ് കെഎൽ രാഹുൽ.
ദീപക് ചാഹറിനെ നിലനിർത്താനുള്ള ചെന്നൈയുടെ ശ്രമം മറ്റൊരു ടീം തടഞ്ഞത് സിഎസ്കെയെ സംബന്ധിച്ച് ഭാഗ്യമായി മാറിയെന്നും ബദരീനാഥ് നിരീക്ഷിച്ചു. വിജയ് ശങ്കർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി തുടങ്ങിയ താരങ്ങളുടെ സമീപകാല പരാജയങ്ങൾ ടീമിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ലേല തന്ത്രങ്ങളിലെ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ, പോയിന്റ് പട്ടികയിൽ കഴിഞ്ഞ തവണ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നിലവിലെ സീസണിലും ലീഗ് ഘട്ടത്തിൽ അവസാന മത്സരം മാത്രം ബാക്കി നിൽക്കെ ഏഴാം സ്ഥാനത്താണ് ടീം.
തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ് ചെന്നൈ സൂപ്പർ കിങ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

