ബി ജെ പി സ്ഥാനാർഥിയാകാൻ ക്ഷണിച്ചെന്ന കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. മുൻ ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
കേന്ദ്ര സർവീസിലിരിക്കെ വർഷങ്ങൾക്ക് മുമ്പ് ഗ്യാനേഷ് കുമാർ ബി ജെ പിക്കായി രാഷ്ട്രീയ ഇടപെടലുകൾ നടത്തിയെന്ന ആരോപണമാണ് പ്രതിപക്ഷ നേതാക്കൾ ആയുധമാക്കിയിരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി പ്രവർത്തിച്ച ഏജന്റായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചു.
ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജി ആവശ്യവുമായി സി പി എമ്മും ശക്തമായി രംഗത്തുണ്ട്.
സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും ഇതേ ആവശ്യവുമായി ഇന്ന് വീണ്ടും പ്രതികരിച്ചു. ബി ജെ പിക്ക് വേണ്ടി കരാർ പണിയെടുക്കുകയാണ് ഗ്യാനേഷ് കുമാർ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ പദവിയിൽ തുടരാൻ അദ്ദേഹം അർഹനല്ലെന്നും രാജി അനിവാര്യമാണെന്നും സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ജിജി തോംസണിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഗ്യാനേഷ് കുമാർ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
എന്നാൽ, ആരോപണങ്ങളെ പ്രതിരോധിക്കാൻ ബി ജെ പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പാമോലിൻ കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് ബി ജെ പി ജിജി തോംസണെ തള്ളിക്കളയുന്നത്.
2016-ൽ വിമാനയാത്രക്കിടയിൽ ബി ജെ പിയിൽ ചേരാൻ ഗ്യാനേഷ് കുമാർ ഓഫർ വെച്ചെന്നതിന് യാതൊരു തെളിവുമില്ലെന്നും ബി ജെ പി നേതാക്കൾ വാദിക്കുന്നു. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയത് അന്നത്തെ യു ഡി എഫ് സർക്കാറാണെന്നും ബി ജെ പി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ജിജി തോംസൺ ബി ജെ പിയിൽ ചേരാൻ ശ്രമിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാറിന് കീഴിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി പദവി ലഭിച്ചുവെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ആരോപിച്ചു. മാർ ക്രിസോസ്റ്റം തിരുമേനിയെ 2017-ൽ ന്യൂനപക്ഷ മോർച്ച ആദരിക്കുന്ന ചടങ്ങിൽ ജിജി തോംസൺ പങ്കെടുക്കുന്ന ചിത്രവും ജിജി ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

