കടമ്മനിട്ടയിലെ കല്ലേലി ജംക്ഷനിലും പരിസരപ്രദേശങ്ങളിലും മോഷണശ്രമങ്ങളും ലഹരിസംഘങ്ങളുടെ അഴിഞ്ഞാട്ടവും വ്യാപകമാകുന്നു. സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയുടെ കീഴിലുള്ള കല്ലേലി ജംക്ഷനിലെ കുരിശടി തകർത്ത് കാണിക്കവഞ്ചി കവരാൻ ശനിയാഴ്ച ശ്രമം നടന്നു.
കമ്പിപ്പാര ഉപയോഗിച്ച് ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർക്കുകയും ചില്ലുവാതിൽ ഉടയ്ക്കുകയും ചെയ്താണ് അക്രമികൾ അകത്തുകടന്നത്. എന്നാൽ കാണിക്കവഞ്ചി തകർക്കാൻ സാധിക്കാതെ വന്നതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞ് അബിൻ വർക്കി എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഒന്നരവർഷം മുൻപും ഇതേ കുരിശടിയിൽ മോഷണം നടന്നിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ഇതിനുപുറമെ സമീപപ്രദേശങ്ങളായ കുടിലിമുക്ക്, വയലത്തല, പുതമൺ എന്നിവിടങ്ങളിലും മോഷണങ്ങൾ തുടർക്കഥയാവുകയാണ്. സാമൂഹികവിരുദ്ധ ശല്യം രൂക്ഷം കല്ലേലി ജംക്ഷനും പരിസരവും കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ്.
ഓട്ടോറിക്ഷകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി എത്തിച്ചാണ് പ്രദേശത്ത് വ്യാപകമായി മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നത്. പ്രഭാതം മുതൽ ആരംഭിക്കുന്ന ഇത്തരം സംഘങ്ങളുടെ തമ്പടിക്കൽ പ്രദേശവാസികൾക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.
മുള്ളൻവാരം നടവഴി, ആശുപത്രി ജംക്ഷൻ, വഴിത്താനം നടവഴി എന്നിവടങ്ങളിലെല്ലാം ലഹരിസംഘങ്ങൾ താവളമാക്കിയിരിക്കുകയാണ്. ജംക്ഷനിലെ യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രവും സാമൂഹികവിരുദ്ധരുടെ നിയന്ത്രണത്തിലാണ്.
ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തി മദ്യപിക്കുകയും തുടർന്ന് തെറിവിളിയും കയ്യാങ്കളിയും നടത്തുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഇതുവഴി കാൽനടയായി പോകുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ വലിയ അരക്ഷിതാവസ്ഥയാണ് നേരിടുന്നത്.
ക്രമസമാധാനനില തകർന്ന പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

