സിൽവർ ലൈൻ പദ്ധതിക്കായി 2022 മാർച്ച് 14-ന് ചെങ്ങന്നൂർ കൊഴുവല്ലൂർ കിഴക്കേ മോടിയിലെ തങ്കമ്മയുടെ വീടിനു സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഉപേക്ഷിക്കപ്പെട്ട
ഒരു പദ്ധതിയുടെ നിശബ്ദ സാക്ഷിയായി മാറിയ ഈ അടയാളം, അക്കാലത്തുണ്ടായ ശക്തമായ രാഷ്ട്രീയ വിവാദങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും തുടക്കം കുറിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കുറ്റി പുനഃസ്ഥാപിക്കുകയും തങ്കമ്മയ്ക്ക് വീട് നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നെങ്കിലും, ആ വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടില്ല.
തുടർന്ന്, കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് തങ്കമ്മയ്ക്ക് വീട് നിർമിച്ചു നൽകിയത്. സമരത്തിന്റെ ഭാഗമായി മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ നട്ട
വാഴകളിൽ നിന്നു ലഭിച്ച ആദായം കൂടി ഈ നിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയുണ്ടായി. പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ തന്റെ വികാരം തങ്കമ്മ പങ്കുവെച്ചത് ഇങ്ങനെ: “വലിയ സന്തോഷമുണ്ട്.
വീട് നഷ്ടപ്പെടുമെന്നതിനേക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ. അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്.
അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോൾ സന്തോഷം”. ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന ജനകീയ സമിതി പ്രവർത്തകർ സമരകാലത്തെ അനുഭവം പങ്കുവെച്ചു.
2022 മാർച്ച് 4-ന് ഊരിക്കടവ് പാലത്തിനു സമീപം സ്ഥാപിച്ച ആദ്യ മഞ്ഞക്കുറ്റിയെ ചൊല്ലിയുണ്ടായ സംഘർഷങ്ങളും തുടർന്നുണ്ടായ പൊലീസ് നടപടികളും അവർ അനുസ്മരിച്ചു. ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ് എന്നിവർ തങ്ങൾ നേരിട്ട
അതിക്രമങ്ങളെക്കുറിച്ച് വിവരിച്ചു. സിൽവർ ലൈൻ വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ചടങ്ങിൽ പങ്കെടുത്തു.
ചെങ്ങന്നൂർ, നൂറനാട്, വെൺമണി, പള്ളിക്കൽ, പാലമേൽ എന്നീ മേഖലകളിലായിരുന്നു പ്രതിഷേധം ഏറ്റവും ശക്തമായിരുന്നത്. 2020 ജൂലൈ ഒന്നിന് പടനിലത്ത് നടന്ന ബഹുജന പ്രക്ഷോഭവും, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരവും സമരചരിത്രത്തിലെ സുപ്രധാന ഏടുകളാണ്.
ചെങ്ങന്നൂർ മുളക്കുഴ വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിർപ്പാണ് ഉയർന്നത്. ആലപ്പുഴ ജില്ലയിൽ ഏകദേശം 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടത്.
സമരവുമായി ബന്ധപ്പെട്ട് ജില്ലയിൽ മാത്രം 41 കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുകയും, അതിൽ 33 എണ്ണം പിഴയടച്ച് തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ 8 കേസുകൾ തുടരുന്നു.
പദ്ധതി പിൻവലിച്ചതോടെ ‘കെ റെയിൽ വരില്ല കേട്ടോ’ എന്ന മുദ്രാവാക്യമുയർത്തി വിജയം ആഘോഷിക്കുകയാണ് സമരസമിതി പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

