തൊഴിൽ തേടി രണ്ടു പതിറ്റാണ്ടിലേറെയായി അലയുന്ന ഭിന്നശേഷിക്കാരിയായ യുവതിക്ക് നീതി നിഷേധിക്കപ്പെടുന്നു. കാവശ്ശേരി കൊങ്ങാളക്കോട്ടെ ചെമ്പകശ്ശേരി ജ്യോതി (49) ആണ് സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ ദുരിതജീവിതം നയിക്കുന്നത്.
2013-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ടതിനെത്തുടർന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കുഴൽമന്ദത്തെ ത്രിവേണി ഗോഡൗണിൽ സെയിൽസ് ഹെൽപർ തസ്തികയിൽ ജ്യോതിക്ക് നിയമനം ലഭിച്ചിരുന്നു. ആറു മാസത്തേക്കായിരുന്നു നിയമനമെങ്കിലും, ഭിന്നശേഷി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തന്നെ പിരിച്ചുവിട്ടതായി ജ്യോതി വ്യക്തമാക്കി.
പിതാവ് മരിച്ച് 35 വർഷങ്ങൾക്കു ശേഷമാണ് മാതാവും വിട്ടുപിരിഞ്ഞത്. ഭർത്താവുമായി അകന്നുകഴിയുന്ന ജ്യോതി ഇപ്പോൾ പൂർണമായും ഒറ്റപ്പെട്ട
അവസ്ഥയിലാണ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് കാത്തിരുന്ന ഘട്ടത്തിലാണ് താൽക്കാലിക ജോലി ലഭിച്ചത്.
എന്നാൽ, കൺസ്യൂമർ ഫെഡിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പലതവണ പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടായില്ല. ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം ആരംഭിക്കുമെന്ന് ജ്യോതി അറിയിച്ചു.
തുച്ഛമായ പെൻഷൻ തുകയിൽ ജീവിക്കുന്ന ജ്യോതി, പഞ്ചായത്തും സന്നദ്ധസംഘടനയും ചേർന്ന് നൽകിയ നാല് സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. തനിക്ക് ലഭിച്ച തൊഴിൽ വീണ്ടെടുക്കണമെന്ന ആവശ്യത്തിൽ പുതിയ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

